മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുവാനായി ദിവസവും 12 കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് അവരെയും കൊണ്ട് യാത്ര ചെയ്ത് പിതാവ്. അഫ്ഗാനിസ്ഥാനിലെ ഷാരണ സ്വദേശിയായ മിയ ഖാൻ ആണ് തന്റെ മൂന്ന് പെണ്മക്കൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കുവാനായി ദിവസത്തെ ഭൂരിഭാഗം സമയവും അവർക്കായി മാറ്റി വയ്ക്കുന്നത്.
തന്റെ ബൈക്കിലാണ് മിയാ ഖാൻ മക്കളെ സ്കൂളിൽ എത്തിക്കുന്നത്. ഇവർ പഠിക്കുന്ന സമയം സ്കൂളിന് പുറത്ത് കാത്തിരിക്കുന്ന മിയ ക്ലാസ് കഴിഞ്ഞ് വരുന്ന മക്കളെയും കൂട്ടിയാണ് തിരികെ വീട്ടിലേക്ക് മടങ്ങുന്നത്.
അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന സ്വീഡിഷ് എൻജിഒ ആയ നൂറാനിയ സ്കൂളിലാണ് അദ്ദേഹം തന്റെ മക്കളെ പഠിപ്പിക്കുന്നത്. തങ്ങൾ താമസിക്കുന്ന മേഖലയിൽ വനിത ഡോക്ടർമാർ ആരുമില്ല എന്ന കാരണം കൊണ്ടാണ് മിയ ഖാൻ തന്റെ പെണ് മക്കളുടെ പഠനത്തിന് ഇത്രെയും പ്രാധാന്യം നൽകുന്നത്.
എനിക്ക് വിദ്യാഭ്യാസമില്ല. എന്റെ ദിവസവേതനം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഞങ്ങൾ താമസിക്കുന്ന മേഖലയിൽ വനിത ഡോക്ടർമാർ ആരുമില്ല. എന്റെ ആണ്മക്കളെ പോലെ തന്നെ പെണ്മക്കൾക്കും മികച്ച വിദ്യാഭ്യാസം നൽകണം. അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. മിയാ ഖാൻ പറഞ്ഞു.
മിയാ ഖാനെക്കുറിച്ചും അദ്ദേഹത്തിന്റെ മക്കളെക്കുറിച്ചും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുറത്തറിയുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനായി ഏറെ പരിശ്രമിക്കുന്ന അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.