ചങ്ങരംകുളം: നരണിപ്പുഴയിൽ തോണി മുങ്ങി മരിച്ച നരണിപ്പുഴ സ്വദേശികളുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ചങ്ങരംകുളം സണ്റൈസ് ആശുപത്രിയിൽ സൂക്ഷിച്ച ആറ് പേരുടെയും മൃതദേഹങ്ങൾ ഇന്നു രാവിലെ ആറ് മണിയോടെ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ,പൊന്നാനി സിഐ സണ്ണി ചാക്കോ, തിരൂർ തഹസിൽദാർ, ഡിഎംഒ എന്നിവരുടെ നേതൃത്വത്തിൽ ആറു മണിക്ക് ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ എട്ടര മണിയോടെ പൂർത്തിയായി.
പിന്നീട് ആറ് ആംബുലൻസുകളിലായി ചങ്ങരംകുളത്ത് നിന്ന് വിലാപയാത്രയായി വാഹനങ്ങൾ ഒരുമിച്ച് നീങ്ങി. സ്പീക്കർ അടക്കമുള്ളവർ മുൻ നിരയിലുണ്ടായിരുന്നു.നരണിപ്പുഴ കൊളപ്പുള്ളി റോഡിൽ ഒഴിഞ്ഞ സ്ഥലത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾ കാണാൻ ആയിരങ്ങൾ നരണിപ്പുഴയിലേക്ക് ഒഴുകിയെത്തി.
പൊതു ദർശനത്തിന് ശേഷം വീടുകളിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ഈശ്വരമംഗലം പൊതുശ്മശാനത്തിൽ നാല് മണിയോടെ സംസ്കാരം നടക്കും. പൊന്നാനി എംഎൽഎ കൂടിയായ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇടപെട്ട് സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾ ഒഴിവാക്കാൻ ധാരണയായത്.
മരണത്തെ മുഖാമുഖം കണ്ട ആഘാതത്തിൽ ഫാത്തിമ
ചങ്ങരംകുളം: ഒന്പതുപേരുമായി തോണിയിലൊരു സഫാരിക്കിറങ്ങിയപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാതെ വന്നെ ത്തിയ മരണമുഖത്തുനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാ സത്തിലും ഒപ്പം ആഘാതത്തിലുമാണ് ഫാത്തിമ. കായലിൽ ഒഴുകിയെത്തിയ ചീരചണ്ടിയിൽ കിട്ടിയ പിടിവള്ളിയിലാണ് ഫാത്തിമ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു കയറിയത്.
ശക്തമായ കാറ്റിൽ കുടുതലായി ആളുകളെ കയറ്റിയ തോണി ആടിയുലഞ്ഞതോടെ വെള്ളം കയറുകയും കുട്ടികൾ പരിഭ്രാന്തരായതോടെ തോണി മറിയുകയുമായിരുന്നുവെന്ന് ഫാത്തിമ പറഞ്ഞു. ആരൊക്കെയോ വന്ന് കരയ്ക്ക് കയറ്റിയപ്പോഴും ഒപ്പമുണ്ടായിരുന്ന കൂടെപ്പിറപ്പുകളും ആത്മമിത്രങ്ങളും വെള്ളത്തിനടിയിൽ പിടഞ്ഞു മരിക്കുന്നുണ്ടെന്ന സത്യം ഇവരും അറിഞ്ഞിരുന്നില്ല.
തോണി തുഴഞ്ഞ വേലായുധൻ മറിഞ്ഞ തോണിയിലുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞിരുന്നു. ഏറെ വൈകാതെ നടുക്കുന്ന വാർത്ത പ്രദേശവാസികളുടെ ചെവിയിലെത്തി. ആറു കുട്ടികൾ മരിച്ചെനന്ന യാഥാർഥ്യത്തിൽ പ്രദേശം മൂകമായി.
ചങ്ങരംകുളവും പരിസരവും ചീറിപ്പാഞ്ഞു വരുന്ന ആംബുലൻസുകളുടെ ശബ്ദ കോലാഹലങ്ങൾ കേട്ട് ആശുപത്രിയിലേക്ക് ഒഴുകിയെത്തി. മന്ത്രിമാരും എംഎൽഎമാരും നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പ്രദേശത്തെ ഞെട്ടിച്ച ദുരന്തത്തക്കുറിച്ച് അറിയാൻ ആശുപത്രികളിലേക്ക് ഒഴുകി യെത്തിയതോടെ ആശുപത്രി പരിസരം ജനനിബിഢമായി. രാത്രി ഏറെ വൈകിയും ആശുപത്രിയിൽ നിന്ന് ജനങ്ങൾ പിരിഞ്ഞിരുന്നില്ല.