ഇടുക്കി: അടിമാലിയില്‍ വയോധികയായ വീട്ടമ്മയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പാലക്കാട്ട് പിടിയില്‍. അടിമാലി കുര്യന്‍സ്പടി നടുവേലില്‍ കിഴക്കേതില്‍ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഫാത്തിമയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ.അലക്സ്, കവിത എന്നിവരെയാണ് പാലക്കാട്ടു നിന്ന് പോലീസ് പിടികൂടിയത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൃത്യത്തിനു ശേഷം അടിമാലിയില്‍ നിന്ന് കടന്നു കളഞ്ഞ പ്രതികള്‍ പാലക്കാട് എത്തിയതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടി കൂടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര് ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്.
കവര്‍ച്ച നടത്തുന്നതിനിടെയാണ് കൊലപാതകമെന്നാണ് വിവരം. പ്രതികള്‍ ഫാത്തിമ കാസിമിന്റെ പക്കല്‍ നിന്നു കവര്‍ന്ന ആഭരണങ്ങള്‍ അടിമാലിയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റിരുന്നു. അതിന് ശേഷമാണ് ഇവര്‍ ഇവിടെ നിന്നു പോയത്. അവശേഷിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരുടെ കൈയിലുണ്ടായിരുന്നത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണം ലക്ഷ്യമിട്ടാണ് എത്തിയതെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കൊലപാതകം വിഷുത്തലേന്ന്
അടിമാലി ടൗണില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് കൊലപാതകം നടന്ന കുര്യന്‍സ്പടി. രാത്രി മകന് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഫാത്തിമയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഇതാണു മരണത്തിനിടയാക്കിയതെന്നാണ് വിവരം. കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടമായിരുന്നു.
ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന നിലയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹത്തിന് സമീപത്ത് മുളകുപൊടി വിതറിയതും വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് കൃത്യം നടത്തിയതും ഇതിലേക്കാണ് വിരല്‍ ചൂണ്ടിയത്. പകല്‍ സംഭവം നടന്നതായാണ് നിഗമനം.
പിടിയിലായ പ്രതികള്‍ ഈ വീടിന് സമീപം കറങ്ങി നടന്നിരുന്നതായി പോലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളെ വേഗത്തില്‍ പിടികൂടാനിടയാക്കിയത്. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും.