കൊല്ലം: കൊല്ലം സ്വദേശിനിയായ ചെന്നൈ ഐഐടി വിദ്യാര്ഥി ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്യാന് ഇടയാക്കിയ സാഹചര്യവും മരണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്ക്ക് എതിരെ കര്ശന നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാനട്രഷറര് എം.എസ്. ശ്യാംകുമാര് തമിഴ്നാട് സര്ക്കാരിനോട് ആവശ്യപ്പെട്ടു.
അന്തരിച്ച ഫാത്തിമയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്ക്കും ബന്ധുക്കള്ക്കും ഉണ്ടായിരിക്കുന്ന സംശയങ്ങള് ദൂരീകരിക്കപ്പെടണം. മിടുക്കരായ വിദ്യാര്ഥികള് ശോഭനമായ ഭാവി ലക്ഷ്യമിട്ടാണ് ഐഐടി പോലുള്ള ഉന്നത സ്ഥാപനങ്ങളില് പ്രവേശനം നേടുന്നത്. അതിനാല് തന്നെ സംഭവത്തെക്കുറിച്ച് ഉയര്ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളെയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകണം.
അതിനാവശ്യമായ നടപടികള് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്വീകരിക്കാന് ബിജെപി സംസ്ഥാനനേതൃത്വം സമ്മര്ദ്ദം ചെലുത്തുമെന്നും അദ്ദേഹം ഫാത്തിമയുടെ ബന്ധുക്കള്ക്ക് ഉറപ്പുനല്കി.ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി. ശ്രീകുമാര്, ഏരിയ പ്രസിഡന്റ് വിജയകുമാര്, സെക്രട്ടറി ഷാജി, പ്രൊഫ. രാജ്കുമാര്, തെക്കടം സജീവ്, കായമ്പടം രാജേഷ്, ഉണ്ണി തുടങ്ങിയവര് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.