ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ പ്രതികരണവുമായി സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. രോഹിത് വെമൂല ആവർത്തിക്കുന്നു എന്നായിരുന്നു വിഷയത്തിൽ കട്ജുവിന്റെ പ്രതികരണം. തനിക്ക് ലഭിച്ച ഒരു കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കട്ജു, ഫാത്തിമ മരിക്കുന്നതിനു മുൻപ് ഫോണിലെഴുതിയ കുറിപ്പിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫാണു മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ഫാത്തിമയുടെ മൊബൈൽ ഫോണ് പരിശോധിച്ചപ്പോൾ സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണു തന്റെ മരണത്തിനു കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി.
സുദർശൻ പത്മനാഭൻ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് ഇരുപതിൽ 13 മാർക്കാണു ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ചു മാർക്കിനു കൂടി യോഗ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. ഈ ദിവസം വൈകിട്ടാണു ഫാത്തിമയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയാണു ഫാത്തിമ ലത്തീഫ് വിജയിച്ചത്.
ഫാത്തിമയുടെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. അന്വേഷണത്തിന് അഡീഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എ.കെ. വിശ്വനാഥൻ അറിയിച്ചു. തുടർച്ചയായ രണ്ടാംദിവസവും ഐഐടി കാന്പസിനു മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്.
ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരിയിലാണു ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ദളിത് വിദ്യാർഥിയായ താൻ അധികൃതരുടെ പീഡനത്തിന്റെ ഇരയാണെന്നു ജീവനൊടുക്കുന്നതിന് ഏതാനും ദിവസം മുൻപ് ചിത്രീകരിച്ച വീഡിയോയിൽ രോഹിത് വെമുല വെളിപ്പെടുത്തിയിരുന്നു.