ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഒളിവിൽ. സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയത്.
കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫാണു മദ്രാസ് ഐഐടി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ഫാത്തിമയുടെ മൊബൈൽ ഫോണ് പരിശോധിച്ചപ്പോഴാണ് അതിൽ സുദർശൻ പത്മനാഭനാണു തന്റെ മരണകാരണമെന്ന് ആരോപിക്കുന്ന കുറിപ്പ് കണ്ടെത്തിയത്.
ഫാത്തിമയുടെ മരണവിവരം അറിഞ്ഞു മേയർ ഉൾപ്പെടെ ചെന്നൈയിൽ എത്തിയെങ്കിലും ഹോസ്റ്റൽ വാർഡൻ ഒഴികെ അധ്യാപകരോ വിദ്യാർഥികളോ ആശുപത്രിയിൽ എത്തിയിരുന്നില്ല. പോസ്റ്റ്മോർട്ടം, മടങ്ങി വരുന്നതിനുള്ള ടിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത് കോളജ് അധികൃതർ ചുമതലപ്പെടുത്തിയ ഏജൻസിയാണ്.
ഫാത്തിമയുടെ മൊബൈൽ ഫോണ് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലീസ് നൽകാൻ തയാറായിയില്ല. പിന്നീടു മൊബൈൽ ഫോണ് വാങ്ങി നോക്കിയപ്പോഴാണു സുദർശൻ പത്മനാഭന് എതിരേയുള്ള പരാമർശം കണ്ടത്.
സുദർശൻ പത്മനാഭൻ കൈകാര്യം ചെയ്തിരുന്ന വിഷയത്തിന് ഇരുപതിൽ 13 മാർക്കാണു ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ചു മാർക്കിനു കൂടി യോഗ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ കണ്ടിരുന്നു. ഈ ദിവസം വൈകിട്ടാണു ഫാത്തിമയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയാണു ഫാത്തിമ ലത്തീഫ് വിജയിച്ചത്.