കൊല്ലം: മദ്രാസ് ഐഐടി വിദ്യാർഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ മലയാളികളായ സഹപാഠികൾക്കും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി പിതാവ് അബ്ദുൾ ലത്തീഫ് രംഗത്ത്. ഒപ്പം പഠിച്ചിരുന്ന എൻആർഐ മലയാളികളായ വിദ്യാർഥികൾക്കാണ് മകളുടെ മരണത്തിൽ പങ്കുള്ളതെന്നും ഇതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും പിതാവ് പറഞ്ഞു. കൈവശമുള്ള തെളിവുകളെല്ലാം മദ്രാസ് ഹൈക്കോടതിക്ക് കൈമാറാനാണ് പിതാവിന്റെ തീരുമാനം.
ഫാത്തിമയുടെ മരണം സംബന്ധിച്ച കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് വിടാൻ തമിഴ്നാട് സർക്കാർ തയാറാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലയാളി സഹപാഠികളുടെ പങ്കും പിതാവ് വെളിപ്പെടുത്തിയത്. അതിനിടെ മകളുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും.
നവംബർ ഒൻപതിനാണ് ഐഐടി ഹോസ്റ്റലിൽ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിലെ ഇന്േറണൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കിയെന്നാണ് ഐഐടിയുടെ വിശദീകരണം. എന്നാൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിദ്യാർഥികളും കുടുംബവും രംഗത്തെത്തിയതോടെ ഐഐടി പ്രതിരോധത്തിലായി. തുടർന്ന് തമിഴ്നാട് സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഐഐടി പ്രവേശന പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയാണ് ഫാത്തിമ മദ്രാസ് ഐഐടിയിൽ പ്രവേശനം നേടിയത്.