സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തരുത് ! പുരുഷ വിവാഹപ്രായവും 18 ആക്കണമെന്ന് ഫാത്തിമ തെഹ്ലിയ…

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഒട്ടുമിക്കവരും സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമാണുള്ളത്.

പുതിയ തീരുമാനം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ.

സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരുടെയും വിവാഹപ്രായം 18 ആക്കി ചുരുക്കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഇതു സംബന്ധിച്ച് തന്റെ അഭിപ്രായം ‘മതകീയ’ നിലപാടായി പരിഹസിക്കേണ്ടതില്ലെന്നും തെഹ്ലിയ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഫാത്തിമയുടെ പ്രതികരണം.

ഫാത്തിമയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ… പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18-ാം വയസ്സില്‍ തന്നെ അവര്‍ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല.

സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്.

ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക് അത് 28 ആവാം, വേറെ ചിലര്‍ക്ക് 38 ആവാം.

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും. 18 മുതല്‍ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമല്ലെ എന്ന്. തീര്‍ച്ചയായും അതെ.

പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്സല്‍റ്റേഷന്‍ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്. ഫാത്തിമ തെഹ്ലിയ കുറിച്ചു.

ഇതിനെതിരെ ട്രോളുകളും പ്രതിഷേധങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ മറ്റൊരു പോസ്റ്റില്‍ തെഹ്ലിയ കൂടുതല്‍ വ്യക്തത വരുത്തി.

ആ പോസ്റ്റ് ഇങ്ങനെ…സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള പ്രസ്തുത നിലപാടില്‍ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല.

ഞാന്‍ പറഞ്ഞ വാദത്തിന്റെ മെറിറ്റ് ഉള്‍ക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം എന്റെ നിലപാടിനെ ‘മതകീയ’ നിലപാടായി പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നേതാവ്, ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആനി രാജ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞതെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

എന്റെ അതേ വാദമാണ് അവര്‍ സംസാരിച്ചത്. സമാനമായ അഭിപ്രായം പറഞ്ഞ നിരവധി ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളുടെ പഠനങ്ങളുണ്ട്. കേരളത്തില്‍ സഖാക്കള്‍ കെട്ടിപൊക്കിയ മാധ്യമ സൈബര്‍പട ഉപയോഗിച്ച് ഏതൊരാളുടെ വാദത്തേയും വികലമായി ചിത്രീകരിക്കാന്‍ കഴിയും.

ഇതൊക്കെയറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാന്‍ അഭിപ്രായം പറഞ്ഞതും. പ്രിയ്യപ്പെട്ട സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, മുസ്ലിം ലീഗുകാര്‍ വളര്‍ന്നത് എന്നോര്‍ക്കുന്നത് നന്നാവും” തന്റെ രണ്ടാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ തഹ്ലിയ വ്യക്തമാക്കി.

https://www.facebook.com/fathimathahiliya/posts/6640178936052304

https://www.facebook.com/fathimathahiliya/posts/6635828003154064

Related posts

Leave a Comment