സെബി മാത്യു
ന്യൂഡൽഹി: അഖില എന്ന ഹാദിയയെ ഇന്നു തന്നെ സേലത്തെ ഹോമിയോ മെഡിക്കൽ കോളജിൽ എത്തിക്കാനുള്ള നടപടിക്രമൾ ഡൽഹിയിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 1.20നുള്ള ഇൻഡിഗോ വിമാനത്തിൽ ഹാദിയക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമുള്ള ടിക്കറ്റ് കേരളഹൗസ് അധികൃതർ ബുക്ക് ചെയ്തിട്ടുണ്ട്.
കോയന്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം റോഡ് മാർഗമായിരിക്കും സേലത്തേക്കു പോകുക. നാലേകാലിന് കോയന്പത്തൂർ എത്തും. സുപ്രീംകോടതി വിധിക്കു പിന്നാലെ ഹാദിയയെ സേലത്ത് എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേരളഹൗസിന് മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തര നിർദേശം നൽകിയിരുന്നു. സേലത്തെ കോളേജിൽ ഇനി പതിനൊന്നു മാസം കഴിയണം ഹാദിയയുടെ ഹൗസ് സർജൻസി പൂർത്തിയാകാൻ.
കനത്ത സുരക്ഷാ സംവിധാനത്തിലാണ് ഇന്നലെ സുപ്രീംകോടതി വിധിക്കു ശേഷവും ഹാദിയ കേരള ഹൗസിൽ കഴിഞ്ഞിരുന്നത്. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്കു പുറപ്പെട്ടു.പഠനം പൂർത്തിയാക്കുന്നതിനായി സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കൽ കോളേജിലേക്കു പൊയ്ക്കൊള്ളാൻ ഇന്നലെ സുപ്രീംകോടതി ഹാദിയയോടു നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു ഡൽഹിയിൽ നിന്നും സേലത്തേക്കുള്ള യാത്ര. എന്നാൽ, ഭർത്താവ് ഷെഫീൻ ജഹാനൊപ്പം പോയ്ക്കൊള്ളാമെന്ന ഹാദിയയുടെ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്നതിനാലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ച് ഇതിന് അനുമതി നൽകാതിരുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഷഫീൻ ജഹാൻ നൽകിയ ഹർജി സുപ്രീംകോടതി ജനുവരി മൂന്നാമത്തെ ആഴ്ച പരിഗണിക്കും.
മെഡിക്കൽ കോളജിൽ തമിഴ്നാട് സർക്കാരിന്റെ സംരക്ഷണയിലായിരിക്കും ഹാദിയ കഴിയുക. സഞ്ചാര സ്വാതന്ത്ര്യം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രായോഗികത സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കോളജിൽ ഷെഫീൻ ജഹാന് ഹാദിയയെ കാണാൻ കാണാൻ കഴിയുമോ എന്നും വ്യക്തമല്ല. ഹോസ്റ്റലിൽ പോയി ഹാദിയയെ കാണുന്നത് സംബന്ധിച്ചു നിയമപോദേശം തേടുമെന്നാണ് ഷെഫീൻ ജഹാൻ പറഞ്ഞത്.
സേലത്തു നിന്ന് എട്ടു കിലോമീറ്റർ അകലെ എളന്പിമലയിലെ ചിത്രകോവിലിനു സമീപമാണ് ഹാദിയ പഠിക്കുന്ന ഹോമിയോ മെഡിക്കൽ കോളജ്. ഹാദിയയുടെ പഠവുമായോ സംരക്ഷവുമായോ ബന്ധപ്പെട്ട് തങ്ങൾക്കു പ്രത്യേക നിർദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്നാണ് കോളജ് അധികൃതർ ഇന്നലെ അറിയിച്ചിരുന്നത്. ഇന്നലെ വിചാരണക്കിടെ ഹൗസ് സർജൻസി പൂർത്തിയാക്കാൻ താത്പര്യമുണ്ടോ എന്ന്കോടതി ഹാദിയയോട് ആരാഞ്ഞിരുന്നു.
ഉണ്ടെന്നായിരുന്നു മറുപടി. സേലത്തു നിന്നു വൈക്കത്തേക്കുള്ള ദൂരം എത്രയാണെന്നു ചോദിച്ചപ്പോൾ എട്ടു മണിക്കൂർ യാത്രാ ദൂരമുണ്ടെന്ന് ഹാദിയ മറുപടി നൽകി. കോളേജിലായിരുന്നപ്പോൾ മാസത്തിൽ ഒരിക്കലോ രണ്ടാഴ്ച ഇടവിട്ടോ വീട്ടിൽ പോയിരുന്നു എന്നും ഹാദിയ മറുപടി നൽകി. തുടർന്നുള്ള ചോദ്യങ്ങൾക്കിടയ്ക്ക് വീട്ടിൽ തനിക്ക് അച്ഛനോടാണ് കൂടുതൽ അടുപ്പമെന്നു പറഞ്ഞെങ്കിലും ഭർത്താവ് ഷെഫീൻ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയ ആവശ്യപ്പെട്ടത്.
പഠനച്ചെലവ് ഭർത്താവ് വഹിക്കുമെന്നും ഹാദിയ ആവർത്തിച്ചു പറഞ്ഞു. എന്നാൽ പഠനം പൂർത്തിയാക്കാൻ താത്പര്യം ഉണ്ടെങ്കിൽ അക്കാര്യം നിർദേശിക്കാം എന്നായിരുന്നു കോടതിയുടെ മറുപടി. പഠനം തുടരുന്പോൾ ഹാദിയ സ്വതന്ത്രയായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഭർത്താവ് ഷെഫീൻ ജഹാന് രക്ഷകർത്താവാകാൻ സാധിക്കുമോ എന്നു ഹാദിയ ചോദിച്ചപ്പോൾ ഭർത്താവ് ഭാര്യയുടെ രക്ഷകർത്താവല്ല എന്ന് ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു.
തുടർന്ന് കോളേജ് ഡീൻ രക്ഷകർത്താവാകുന്നതിന് എതിർപ്പുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം അതിഷ്ടപ്പെടില്ല എന്നായിരുന്നു ഹാദിയയുടെ മറുപടി. കേരളത്തിൽ നിന്നു നേരെ കോളേജിലേക്കു പോകാൻ തയാറാണോ എന്നു കോടതി ചോദിച്ചു. തയാറാണ്, എന്നാൽ മലപ്പുറത്തുള്ള സുഹൃത്തിന്റെ കൂടെ തങ്ങാൻ അനുവദിക്കണമെന്നും അവിടെ നിന്നു സേലത്തനു പോകാമെന്നും ഹാദിയ പറഞ്ഞു. അപ്പോൾ കോളേജിൽ എത്തിക്കേണ്ട ചുമതല കേരള സർക്കാരിനാണെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ്
തിരുവനന്തപുരം: ഹാദിയയെ സേലത്തേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ഹൗസ് അധികൃതർക്ക് നിർദേശം നൽകി. സുപ്രീം കോടതി ഉത്തരവ് പാലിക്കണമെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.
ഡൽഹിയിലെ കേരളാ ഹൗസിൽ കഴിയുന്ന ഹാദിയയെ കേരളസർക്കാർ സേലത്ത് എത്തിക്കണമെന്നും മതിയായ സുരക്ഷ നൽകണമെന്നും ഇന്നലെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സേലത്തെ കോളജ് ഹോസ്റ്റലിൽ താമസിച്ച് പഠനം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഹാദിയയെ ഉച്ചയ്ക്ക് ഒന്നരയോടെ സേലത്തേക്ക് കൊണ്ട് പോകും.
ഡൽഹിയിൽ നിന്നും കോയന്പത്തൂർ വരെ വിമാനത്തിലും പിന്നീട് റോഡ് മാർഗവുമായിരിക്കും സേലത്തേക്ക് എത്തിക്കുന്നത്. കേരളാ പോലീസ് സംഘവും അനുഗമിക്കുന്നുണ്ട്. സേലത്തെ സുരക്ഷാചുമതല തമിഴ്നാട് സർക്കാർ വഹിക്കണമെന്ന് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.