താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ വെള്ളിത്തിരയിലെത്തിയ ഫാത്തിമ സന ഇന്നു ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. ആമിര്‍ ഖാന് നായകനായ ദംഗലിലൂടെയാണ് ഫാത്തിമ സന ശ്രദ്ധ നേടുന്നത്.
ചിത്രം വലിയ വിജയമായതോടെ ഫാത്തിമയും താരമായി മാറി. ചിത്രത്തിലെ പ്രകടനത്തിലൂടെ ഒരു രാത്രി കൊണ്ട് താരമായി മാറുകയായിരുന്നു ഫാത്തിമ. കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രമായിരുന്നു ദംഗല്‍.
ഇപ്പോഴിതാ താരങ്ങളെക്കുറിച്ച് ആരാധകര്‍ക്കുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കുകയാണ് ഫാത്തിമ സന. അഭിനേതാക്കള്‍ സമ്പന്നരാണെന്ന പൊതുധാരണ തെറ്റാണെന്നാണ് ഫാത്തിമ സന പറയുന്നത്.
തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഇപ്പോഴും താമസിക്കുന്നത് വാടകയ്ക്കാണെന്നാണ് ഫാത്തിമ സന പറയുന്നത്.
ഞാന്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍നിന്നാണ് വരുന്നത്. ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീട്ടിലാണ്. പാര്‍ക്കിംഗ് ബേസ്മെന്റ് വീടാക്കി മാറ്റിയതാണ്. ഇപ്പോഴും വീട് വാങ്ങിയിട്ടില്ല.
സ്ട്രഗിള്‍ ചെയ്യുമ്പോള്‍തന്നെ എനിക്ക് മറികടക്കാനുണ്ടായിരുന്ന നാഴികക്കല്ല് ഞാന്‍ മറികടന്നിട്ടുണ്ട്. ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുന്നു. അത് ഒരിക്കലും അവസാനിക്കാത്ത, തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രോസസാണ്.
എപ്പോഴും സ്വന്തം ചിന്തകളോട് പോരടിക്കുകയാണ്. പണത്തിന് വേണ്ടി ജോലി ചെയ്യണമോ, അതോ കാത്തിരിക്കണമോ എന്ന ചിന്തയാണ്.
നമ്മളുടെ ആവശ്യത്തിനനുസരിച്ച് നമ്മളും മാറിക്കൊണ്ടിരിക്കും. എന്റെ ബില്ലുകളും ലോണുകളും അടയ്ക്കണമെങ്കില്‍ താത്പര്യമില്ലാത്ത കാര്യങ്ങളും ചെയ്യേണ്ടി വരും.
നിലനില്‍പ്പിനായി ജോലി ചെയ്യേണ്ടി വരും. ആഡംബരവും സാമ്പത്തിക സുരക്ഷയും ഉണ്ടാകുമ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ സന്തോഷം തരുന്നത് മാത്രം തെരഞ്ഞെടുക്കാം. പക്ഷെ ചിലപ്പോഴൊക്കെ നമുക്ക് ചോയ്സുകളുണ്ടാകില്ല- ഫാത്തിമ സന പറയുന്നു.