മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റിലിവർ കാണുന്നതെന്ന് പലരും കരുതുന്നുണ്ട്. മദ്യപിക്കുന്നവരിലും മദ്യപിക്കുന്നതിനൊപ്പം കൊഴുപ്പ് കൂടിയ വസ്തുക്കളായ മാംസം, മുട്ട, നിലക്കടല, കാഷ്യൂനട്ട്, എണ്ണയിൽ വറുത്തത് തുടങ്ങിയവ കഴിക്കുന്നവരിലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കൊഴുപ്പിന്റെ അംശം മദ്യത്തിന്റെ സാന്നിധ്യത്തിൽ പരമാവധി ആഗിരണം ചെയ്യപ്പെടുന്നു എന്നതാണു കാരണം. ഫാറ്റിലിവർ ഉള്ളവരിലും ഇത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കും.
ഇത്തരമാൾക്കാരിൽ ഫാറ്റിലിവറിനൊപ്പം ട്രൈ ഗ്ലിസറൈഡ്, എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ എന്നിവയും വർധിച്ചുവരാം.
മദ്യം കഴിക്കാത്തവരിലും ഇപ്പോൾ ഫാറ്റിലിവർ വർധിച്ചു കാണുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഫുഡ് സപ്ലിമെന്റുുകളും മരുന്നുകളുമുൾപ്പെടെ പ്രതിക്കൂട്ടിലാകും എന്ന കാര്യത്തിൽ സംശയമില്ല.
ജനിതക തകരാറുകളും
ചില ജനിതക തകരാറുകൾകൊണ്ടും ഫാറ്റിലിവർ സംഭവിക്കാം. വ്യായാമം തീരെ കുറവുള്ളവർക്കും അമിതമായി ഭക്ഷണം കഴിക്കുന്നവർക്കും ഹോട്ടൽ ഭക്ഷണം ശീലമാക്കിയവർക്കും പ്രഭാത ഭക്ഷണം കഴിക്കാത്തവർക്കും വളരെ വൈകി കഴിക്കുന്നവർക്കും രാത്രി ഉറക്കത്തിനു തൊട്ടുമുമ്പ് അമിതമായും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണം കഴിക്കുന്നവർക്കും സമയത്തല്ലാതെ ഭക്ഷണം ശീലമാക്കിയവർക്കും അരിയാഹാരം കൂടുതൽ കഴിക്കുന്നവർക്കും ബേക്കറി, കോള, വീണ്ടും വീണ്ടുമുപയോഗിച്ച എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ കഴിക്കുന്നവർക്കും ആവശ്യത്തിന് ഭക്ഷണം കഴിച്ചവർതന്നെ അത് പൂർണമായി ദഹിക്കുന്നതിനു മുമ്പ് വീണ്ടും കഴിക്കുന്നതുകൊണ്ടും വളരെ വേഗത്തിൽ ആഹാരം കഴിക്കുന്ന ശീലമുള്ളവർക്കും ഫാറ്റിലിവർ ഉണ്ടാകാം.
ഫാറ്റിലിവർ സാധ്യത കുറയ്ക്കാം
അധ്വാനത്തിനനുസരിച്ചുള്ള കലോറി മൂല്യം കണക്കാക്കിമാത്രം ഭക്ഷണം ശീലിക്കുക. അമിത ഭക്ഷണം ഒഴിവാക്കുക. നാരുകളടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നൽകുക.
കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കുറയ്ക്കുക. ആൽക്കഹോൾ അടങ്ങിയവയ്ക്കൊപ്പം കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക.
ഈസ്റ്റ് ഉൾപ്പെടെയുള്ള പുളിപ്പിക്കുന്ന വസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ഇൻസ്റ്റന്റ് കോഫി, അജിനോ മോട്ടോ എന്നിവ ഒഴിവാക്കുക.