തലശേരി: സ്വപ്നയെ അറിയുമോ എന്ന ചോദ്യത്തിന് സ്വപ്നയെ ഞാൻ സ്വപ്നം കാണാറുണ്ടെന്ന് മുമ്പ് വിവാദമായ സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായിരുന്ന ഫായിസ് എന്ന ഫയാസിന്റെ പൊട്ടിചിരിച്ചു കൊണ്ടുള്ള വാക്കുകളാണിത്.
നയതന്ത്ര പാർസലിൽ കോടികളുടെ കള്ളക്കടത്ത് പിടികൂടിയ സംഭവം പുറത്തു വന്ന അന്ന് മുതൽ കേരളത്തിലെ പ്രമുഖ ചാനലുകളിൽ നിന്നെല്ലാം തനിക്ക് ഫോൺ കോളുകളുടെ പ്രവാഹമാണെന്ന് ഫായിസ് രാഷ്ട്രദീപികയോട് പറഞ്ഞു.
സ്വപ്നയെ അറിയുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സ്വപ്നത്തിൽ സ്വപ്നയെ കാണാറുണ്ടെന്ന മറുപടിയാണ് ഞാൻ കൊടുത്തത്.
സ്വപ്നയെ ഫായിസ് ഒളിപ്പിച്ചുവെന്ന വാർത്ത പ്രമുഖ ചാനലിൽ ബ്രേക്കിംഗ് ന്യൂസായി വന്നു. ഇത് കണ്ട് ചാനൽ എംഡിയെ വിളിച്ചപ്പോൾ ഒരു ഹൈപ്പിന് കൊടുത്തെന്ന മറുപടിയാണ് ലഭിച്ചത്. എന്റെ പേര് ഫായിസ് എന്നാണ്, ചാനലുകാർ അത് ഫയാസ് എന്നാക്കി.
സ്വർണമെന്ന് കേട്ടാൽ തന്നെ എന്റെ ഭാര്യക്ക് പേടിയാ…. എവിടെ സ്വർണക്കടത്ത് പിടിച്ചാലും എന്റെ പേര് വാർത്തയിൽ വരും. ഹോട്ടൽ ബിസിനസും കേസിന്റെ വിചാരണയും ഒക്കെയായി സ്വസ്ഥമായി കുടുംബത്തോടൊപ്പം കഴിയുകയാണ് ഞാൻ.. എന്നെ വെറുതെ വിട്ടേക്കു….. ഫായിസ് തുടർന്ന് പറഞ്ഞു.