മലപ്പുറം: സോഷ്യൽമീഡിയകളിൽ വൈറലായ ഫായിസിന്റെ പഞ്ച് ഡയലോഗ് ട്രോളൻമാരും പരസ്യങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. നാലാം ക്ലാസുകാരന്റെ ’ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല’ പ്രയോഗമാണ് മോട്ടിവേഷൻ വാചകമായി സോഷ്യൽമീഡിയയിൽ കഴിഞ്ഞദിവസം തരംഗമായത്.
മലബാർ മിൽമയുടെയും സ്വകാര്യകന്പനികളുടെ പരസ്യങ്ങളിലും വാചകം കടമെടുത്തു പോസ്റ്ററുകൾ പുറത്തിറക്കിയത് വൈറലാവുകയാണ്. ട്രോളൻമാരും വെറുതെയിരിക്കുന്നില്ല.
രാഷ്ട്രീയപാർട്ടികളുടെ പരസ്യവാചകങ്ങളും നേതാക്കൻമാരുടെ പ്രസ്താവനകളും അടക്കം ഇതുപയോഗിച്ച് ട്രോളിയ സോഷ്യൽമീഡിയ രണ്ടുദിവസമായി ഫായിസിന്റെ ഹിറ്റ് ഡയലോഗിനു പുറകെയാണ്. മലബാർ മിൽമ ഫായിസിന്റെ പ്രയോഗം ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയതിനു വൻസ്വീകാര്യതയാണ് ലഭിച്ചത്.
ഫായിസിനു പ്രത്യേക സമ്മാനം നൽകുമെന്നും മിൽമ അധികൃതർ അറിയിച്ചു. മിൽമയുടെ കോപ്പിറൈറ്റർ എന്നു പറഞ്ഞാണ് സോഷ്യൽമീഡിയ ഫായിസിനെ വാഴ്ത്തുന്നത്.
മിൽമ കന്പനിയുടെ സോഷ്യൽമീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന ടീം ആണ് വൈറൽ പ്രയോഗത്തോടൊപ്പം ’പക്ഷേങ്കി ചായ എല്ലാർതും ശരിയാവും, പാൽ മിൽമ ആണെങ്കിൽ’ എന്നു കൂടി ഉൾപ്പെടുത്തി പോസ്റ്റ് തയാറാക്കിയത്.
ഇതിനു പുറമേ കോവിഡ് ബോധവൽകരണവുമായി മലപ്പുറം കളക്ടറുടെ ഫെയ്സ്ബുക് പോസ്റ്റിലും പ്രയോഗം ഉൾപ്പെടുത്തി. ’ചെലോൽക്ക് ണ്ടാവും, ചെലോൽക്ക് ണ്ടാവൂല, ങ്ങക്ക് ണ്ടാവാൻ സമ്മയ്ക്കര്ത് ’ എന്നായിരുന്നു കളക്ടറുടെ പോസ്റ്റ്.
ഫായിസിന്റെ വാചകങ്ങൾ പരസ്യത്തിലുപയോഗിച്ച് നിരവധി സ്വകാര്യ സ്ഥാപനങ്ങളും രംഗത്തെത്തി. അതേസമയം, ഫായിസിന് റോയൽറ്റി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ നിരവധി പേർ രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫായിസ് കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോയുമായി എത്തിയത്. ഫായിസ് പൂക്കൾ ഉണ്ടാക്കിയത് പ്രതീക്ഷിച്ച പോലെ ശരിയായില്ലെങ്കിലും ആത്മവിശ്വാസം കൈവിടാതെ ’ചെലോൽത് ശര്യാവും ചെലോൽത് ശര്യാവൂല, എന്േറത് ശര്യായില്ല, എനിക്കൊരു കൊയ്പ്പോല്ല’ എന്ന് ഫായിസ് പറഞ്ഞത് കേരളം മുഴുവൻ ഏറ്റെടുക്കുകയായിരുന്നു.
രണ്ടുദിവസങ്ങളിലായി മലയാളികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോകളിൽ ഒന്നായി ഫായിസിന്റെ വീഡിയോ മാറിയിട്ടുണ്ട്. കോവിഡ് കാലത്ത് ആത്മവിശ്വാസം നൽകുന്ന വീഡിയോ തരംഗമായി മാറുകയായിരുന്നു.
ഉദ്ദേശിച്ച രീതിയിൽ പൂവ് നിർമാണം മുന്നോട്ട് കൊണ്ട് പോകാനാകാതെ വന്നപ്പോൾ. വാക്കുകൾ കൊണ്ട് വളരെ നിഷ്കളങ്കമായി ആ പരാജയത്തെ പോസിറ്റിവിറ്റി കൊണ്ടു മറികടക്കുന്ന വാചകം തരംഗം തീർത്തിരിക്കുകയാണ്.
വീട്ടിലിരുന്ന് മിനിറ്റുകൾ കൊണ്ട് പൂവുനിർമിക്കുന്ന വിദ്യയാണ് ഫായിസ് വീഡിയോയിലൂടെ പഠിപ്പിക്കാൻ നോക്കിയത്. ഫേസ്ബുക്കിലും വാട്സാപ്പിലും ലക്ഷങ്ങൾ പങ്കുവെച്ച വീഡിയോ കണ്ടശേഷം ഫായിസിനെ നിരവധി ആളുകളാണ് വിളിച്ച് അഭിനന്ദനം അറിയിച്ചത്. വീഡിയോയിലെ നിഷ്കളങ്കതയാണ് വൈറലാക്കിയത്.
രാഷ്ട്രീയവും ദൈനംദിന സംഭവങ്ങളും ഫായിസിന്റെ ഡയലോഗിൽ മാറ്റിയും മറിച്ചും തലങ്ങും വിലങ്ങും ഉപയോഗിച്ചു ട്രോളൻമാർ സൂപ്പർഹിറ്റാക്കുകയാണ്.
സോഷ്യൽമീഡിയകളിൽ മാത്രമല്ല മാധ്യമങ്ങളിലും യൂടൂബ് ചാനലുകളിലും താരമാണ് ഫായിസ്. എജ്ജാതി മോട്ടിവേഷൻ എന്നു പറഞ്ഞാണ് ഫായിസിന്റെ വാചകം മലയാളികൾ ആഘോഷമാക്കുന്നത്.
ഫായിസ് സ്വയം ചിത്രീകരിച്ച വീഡിയോ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് മുനീർ സഖാഫിക്ക് സഹോദരീപുത്രിയാണ് അയച്ചുകൊടുത്തത്.
വീഡിയോ പിന്നീട് നാട്ടുകാരിലെത്തിയതോടെ വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് ഫായിസിന്റെ വീഡിയോ കണ്ടത്. മൈമൂനയാണ് ഫായിസിന്റെ മാതാവ്. കൊണ്ടോട്ടി കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.