കണ്ണൂർ: ഫസൽവധക്കേസിൽ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ഭാര്യമാർ സിബിഐക്ക് വീണ്ടും ഹർജി നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫസൽ കേസുമായി ബന്ധപ്പെട്ട് നിയമപരമായി എല്ലാ കാര്യങ്ങളും ചെയ്യും.
സിബിഐ തുടരന്വേഷണം നടത്താൻ തയാറാകണം. നിരപരാധികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും ഇനിയും ശിക്ഷിച്ചുകൂടാ. ജാമ്യവ്യവസ്ഥയിലും യഥാർഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിലും നീതിനിഷേധമാണ് ഇപ്പോൾ നടക്കുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ചെറുപുഴയിലെ കരാറുകാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകരുടെപേരിൽ നടപടിയെടുക്കാത്തത് കോൺഗ്രസ് പാർട്ടിയുടെ ജീർണതയാണ് കാണിക്കുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറപടിയായി ജയരാജൻ പറഞ്ഞു.
പോക്സോ കേസുകൾ പോലും അലങ്കാരമായി കൊണ്ടുനടക്കുകയാണ് ഇക്കൂട്ടർ. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തവരാണ് കമ്യൂണിസ്റ്റുകാർ എന്നത് ചരിത്രവസ്തുതയല്ല. സ്വാതന്ത്യസമരം കോൺഗ്രസുകാർ മാത്രമാണ് നടത്തിയത് എന്നുപറയുന്നത് ശരിയല്ല. കമ്യൂണിസ്റ്റുകാരും പങ്കാളികളായിരുന്നു. പൂർണസ്വാതന്ത്യം എന്ന ആശയം മുന്നോട്ടുവച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രവുമായി ബന്ധമില്ലാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.