കണ്ണൂർ: എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസൽ വധക്കേസിൽ പുതിയ വെളിപ്പെടുത്തൽ. ഫസലിനെ വധിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന നിർണായക വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. ചെന്പ്ര സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ സുബീഷ് മൊഴി നൽകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഫസലിനെ താനും ആർഎസ്എസ് പ്രവർത്തകരായ പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവർ ചേർന്ന് കൊലപ്പെടുത്തി എന്നാണ് സുബീഷിന്റെ മൊഴി. വാഹനത്തിൽ എത്തി ഫസലിനെ ആക്രമിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.
സിപിഎം പ്രവർത്തകനായ മോഹനനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായപ്പോഴാണ് സുബീഷ് നിർണായക വിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്. മോഹനൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സദാനന്ദന്റെ മുന്നിലാണ് സുബീഷ് ഇക്കാര്യങ്ങൾ പറഞ്ഞത്. 2016-ലെ വെളിപ്പെടുത്തലാണ് ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിരിക്കുന്നത്.