നവാസ് മേത്തര്‍
തലശേരി: എൻഡിഎഫ് പ്രവർത്തകനായ ഫസൽ വധക്കേസുമായി ബന്ധപ്പെട്ടു പോലീസ് തന്നെ ക്രൂരമായി മർദിച്ചു കൃത്രിമ മൊഴിയുണ്ടാക്കിയെന്ന ആർഎസ്എസ് പ്രവർത്തകൻ സുബീഷ് പത്രസമ്മേളനത്തിൽ ആരോപിച്ചതിനു പിന്നാലെ ഇത്തരം കാര്യങ്ങളൊന്നും കോടതിയിൽ പറഞ്ഞില്ലെന്നതിന്റെ തെളിവ് പുറത്ത്. 2016 നവമ്പര്‍ 19 ന് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സുബീഷ് നൽകിയ മൊഴിയുടെ സര്‍ട്ടിഫൈഡ് കോപ്പി രാഷ്ട്രദീപികയക്കു ലഭിച്ചു.
പോലീസുകാര്‍ രണ്ടു കാലുകളും വിടര്‍ത്തി വെപ്പിച്ച് വേദനിപ്പിച്ചതല്ലാതെ മറ്റു തരത്തില്‍ വേദനിപ്പിച്ചിട്ടില്ലെന്നാണ് സുബീഷ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാല്‍ 48 മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂര പീഢനത്തിനിരയായതിനെ തുടർന്നു പ്രതി പോലീസ് പറയുന്നതനുസരിച്ച് മാത്രം കോടതയിൽ മൊഴി നൽകിയതാണെന്നും ഈ മൊഴിക്ക് യാഥാർഥ്യവുമായി ഒരു ബന്ധമില്ലെന്നും സുബീഷിന്റെ അഭിഭാഷകൻ അഡ്വ. പി. പ്രേമരാജൻ രാഷ്ട്രദീപികയോട് പറഞ്ഞു.
സുബീഷ് കോടതിയില്‍ നല്കിയ മൊഴി ഇങ്ങനെ: ഞാന്‍ ചെമ്പ്ര എന്ന സ്ഥലത്താണ് താമസം. 1711-2016ന് രാത്രി 9.30 ന് വടകര മൂരാട് പാലത്തിനടുത്ത് വച്ചു അറസ്റ്റ് ചെയ്തു. അവിടെ നിന്നും അഴീക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് ഡിവൈഎസ്പി ചോദ്യം ചെയ്തു. ഡിവൈഎസ്പിയുടെ പേര് അറിയില്ല കാണ്ടാല്‍ അറിയാം. രണ്ട് കാലുകളും വിടര്‍ത്തിപ്പിടിച്ച് വേദനിപ്പിച്ചു. അവിടെ വച്ചു തന്നെ അടുത്ത ദിവസം രാവിലെ വരെ ചോദ്യം ചെയ്തതല്ലാതെ മറ്റു തരത്തില്‍ ദേഹോപദ്രവമേല്പ്പിച്ചിട്ടില്ല. അവിടെ നിന്നും കാലത്ത് കണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അവിടെ വെച്ചും ചോദ്യം ചെയ്തു.
അവിടെ വച്ചും ദേഹോപദ്രവം ഒന്നും ഏൽപിച്ചില്ല. അതിനു ശേഷം കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. അതിനിടയില്‍ എനിക്ക് തലകറക്കം വന്നതിനാല്‍ അഴീക്കോട് പ്രാഥമീകാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടു പോയിരുന്നു. അത് കൂത്തുപറമ്പില്‍ കൊണ്ടു വരുന്നതിനു മുമ്പായിരുന്നു. കൂത്തുപറമ്പിലേക്ക് കൊണ്ടു വരുന്നതിനു മുമ്പ് എന്നെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയിരുന്നു. അവിടെ കുറച്ച് സമയം അഡ്മിറ്റ് ചെയ്ത് ഒരു കുപ്പി ഗ്ലൂക്കോസ് കയറ്റിയിരുന്നു.
രാത്രി 10 ഓടെയോടെ കൂത്തുപന്പ് പോലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നു. അവിടെ വച്ചും ആരും എന്നെ ഉപദ്രവിച്ചിട്ടില്ല. ഡിവൈഎസ്പി കാല് വിടര്‍ത്തി വച്ചു ചോദ്യം ചെയ്തുവെന്നാണ് എന്റെ പരാതിയെന്നും മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ സുബീഷ് പറഞ്ഞു. പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സുബീഷ് അന്നത്തെ മാനസീകാവസ്ഥയിലാണ് അത്തരത്തിലൊരു മൊഴി നല്‍കിയിട്ടുള്ളതെന്ന് സുബീഷിന്റെ അഭിഭാഷകനായ അഡ്വ.പി പ്രേമരാജന്‍ പറഞ്ഞു.
48 മണിക്കൂര്‍ കസ്റ്റഡിയിലേറ്റ പീഡനത്തെ തുടര്‍ന്ന് അവനിലയിലായ സുബീഷിനെ മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മര്‍ദനത്തിനു പുറമെ മറ്റു കേസുകളിലും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസ് സുബീഷിനെ കൊണ്ട് കോടതിയില്‍ മൊഴി നല്കിച്ചിട്ടുള്ളത്. കസ്റ്റഡിയിലുള്ള പ്രതികള്‍ എപ്പോഴും പോലീസ് പറയുന്നതനുസരിച്ചേ മൊഴി നല്‍കുകയുള്ളൂ.
മറിച്ച് പറഞ്ഞാല്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാക്കുമെന്ന് പോലീസ് ഭീഷണി മുഴക്കുക പതിവാണ്. ഇതേ കോടതിയില്‍ തന്നെ പോലീസ് ഇരുട്ടു മുറിയിലിട്ട് പീഡപ്പിച്ചതുള്പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സുബീഷ് നേരിട്ട് പരാതി നല്‍കിയിട്ടുമുണ്ട്. പീഡനത്തിനു പുറമെ ബ്രെയിന്‍വാഷ് ചെയ്തും ഭീഷണിപ്പെടുത്തിയുമാണ് സുബീഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളതെന്നും അഡ്വ.പി പ്രേമരാജന്‍ രാഷ്ട്രദീപികയോട് പറഞ്ഞു.