ഫസല്‍ വധക്കേസില്‍ വീണ്ടും ട്വിസ്റ്റ്; കൊലപാതകക്കുറ്റം എടുക്കാന്‍ ക്രൂരമായി തല്ലി; ഭാര്യയ്ക്കു പണവും ജോലിയും വാഗ്ദാനം ചെയ്തു; കുറ്റസമ്മതമൊഴി നിഷേധിച്ച് സുബീഷിന്റെ വാര്‍ത്താ സമ്മേളനം

FAZALകണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന കുറ്റസമ്മതമൊഴി നിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ്. ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്നാണ് താന്‍ അത്തരത്തില്‍ മൊഴി നല്‍കിയതെന്നും ആര്‍എസ്എസിന് കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുബീഷ് വെളിപ്പെടുത്തുകയായിരുന്നു. കുടുംബത്തെയടക്കം കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുപ്പിച്ചത്. പണവും ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനവും ചെയ്തു. പൊലീസ് മര്‍ദനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മജിസ്‌ട്രേട്ടിനോടും പറഞ്ഞിട്ടുണ്ട്. ഇതിന് രേഖയുണ്ടെന്നും സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താനടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലനടത്തിയതെന്ന് സുബീഷ് ലോക്കല്‍ പൊലീസിനു ക്യാമറയ്ക്കു മുന്നില്‍ മൊഴി നല്‍കിയിരുന്നു.

ഇതിന്റ ദൃശ്യങ്ങള്‍ ഇന്നലെയും ടെലിഫോണ്‍ സംഭാഷണം ഇന്നും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സുബീഷ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ദൃശ്യത്തിലുള്ളത് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ച കാര്യങ്ങളാണെന്നും, ഫോണ്‍ സംഭാഷണത്തിലുള്ളത് തന്റെ ശബ്ദമല്ലെന്നും സുബീഷ് പറഞ്ഞു. ഫസലിനെ നേരിട്ടു കണ്ടിട്ടില്ലെന്നും, അയാളെ അറിയില്ലെന്നും സുബീഷ് വ്യക്തമാക്കി. തന്നെ കസ്റ്റഡിയില്‍ എടുത്ത പോലീസ് മൂന്നു ദിവസം ഭക്ഷണം തരാതെ നഗ്‌നനാക്കി മര്‍ദിക്കുകയായിരുന്നു. ജീവന്‍ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് പൊലീസ് പറഞ്ഞുതന്ന മൊഴി ആവര്‍ത്തിച്ചതെന്ന് ഇന്നലെ പുറത്തു വന്ന വിഡിയോ ദൃശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സുബീഷ് പറഞ്ഞു. തനിക്കു ചുറ്റും പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും ദൃശ്യത്തില്‍ ഇല്ലെന്നും പറഞ്ഞതൊന്നും സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും സുബീഷ് പറഞ്ഞു.

തങ്ങള്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ അതുപോലെ മൊഴിയായി നല്‍കണമെന്നാണ് പോലീസ് പറഞ്ഞത്. കൂടാതെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ജീവനും കുടുംബത്തിനും ഭീഷണിയും ഉണ്ടായിരുന്നു. പലകേസുകളിലും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിനോടും സിബിഐയോടും പൊലീസ് മര്‍ദനത്തെപ്പറ്റി പറഞ്ഞു. മോഹനന്‍ കേസില്‍ പ്രതിചേര്‍ക്കാനാണ് കൊണ്ടുപോയതെന്ന് പിന്നീടാണ് അറിഞ്ഞത്. ജാമ്യം നല്‍കരുതെന്ന് പറഞ്ഞ് റിമാന്‍ഡ് ചെയ്തു. പൊലീസ് ആറു ദിവസം കസ്റ്റഡിയില്‍ വാങ്ങി. കുത്തുപറമ്പ് സ്‌റ്റേഷനില്‍ വച്ച് പണവും ഭാര്യയ്ക്ക് ജോലിയും നല്‍കാമെന്നും പറഞ്ഞു. ഇക്കാര്യം മട്ടന്നൂര്‍ കോടതിക്കു മുന്‍പാകെയും വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും സുബീഷ് കുറ്റ സമ്മതമൊഴി നിഷേധിച്ചതോടെ സിപിഎം വീണ്ടും വെട്ടിലായിരിക്കുകയാണ്.

Related posts