1980 ഡിസംബര് മാസത്തില് റിലീസ് ചെയ്ത ഫാസില് ചിത്രം മഞ്ഞില് വിരിഞ്ഞ പൂക്കള് മലയാള സിനിമയ്ക്ക് സമ്മാനിച്ച ഏറ്റവും വലിയ സംഭാവന മോഹന്ലാല് എന്ന നടനായിരുന്നു.
എന്നാല് മോഹന്ലാലിനെ മഞ്ഞില്വിരിഞ്ഞപൂവ് സിനിമയിലേക്ക് വില്ലനായി തെരഞ്ഞെടുത്തതിനെ പറ്റി ഫാസില് ഒരിക്കല് തുറന്നു പറഞ്ഞിരുന്നു.
നരേന്ദ്രന് എന്ന വില്ലനാണ് കഥ എഴുതുമ്പോള് തന്നെ അലട്ടിയിരുന്നതെന്നും വല്ലാത്തൊരു വില്ലനാണല്ലോയെന്ന് പല പ്രാവശ്യം താന് മനസില് പറഞ്ഞിരുന്നെന്നുമാണ് ഫാസില് പറയുന്നത്.
ഒരു മാഗസിന് നല്കിയ അഭിമുഖത്തില് ആണ് ഫാസില് ഇക്കാര്യങ്ങള് തുറന്നു പറഞ്ഞത്. ഫാസിലിന്റെ വാക്കുകള് ഇങ്ങനെയായിരുന്നു…
ഞങ്ങള് അഞ്ച് പേരാണ് അന്ന് ഡയറക്ടര് ബോര്ഡില് ഉണ്ടായിരുന്നത്. ഞാനും ജിജോയും ജിജോയുടെ സഹോദരന് ജോസും നവോദയയിലെ അമാനും മഞ്ഞില്വിരിഞ്ഞ പൂക്കളിന്റെ സഹസംവിധായകന് ആയിരുന്ന സിബി മലയിലും ആയിരുന്നു അത്.
അന്ന് മലയാള സിനിമയിലെ പ്രമുഖ വില്ലന് കെപി ഉമ്മര് ആയിരുന്നു. വില്ലനെ കുറിച്ച് ജിജോയോട് സംസാരിച്ചപ്പോള് വെറുതെ ഞാന് പറഞ്ഞു, നമ്മുടെ വില്ലന് സ്ത്രൈണ സ്വഭാവമള്ള വില്ലനായാല് നന്നായിരിക്കുമെന്ന്.
ചുമ്മാതെ പറഞ്ഞതാണെങ്കിലും അത് ഞങ്ങളുടെ രണ്ടുപേരുടേയും മനസില് കിടന്നു. അപ്പോഴാണ് ഒരു നിമിത്തം പോലെ മോഹന്ലാല് കയറിവരുന്നത്. ലേഡീസ് കുടയും പിടിച്ചായിരുന്നു ആ വരവ്.
എനിക്കും ജിജോയ്ക്കും അത്തരത്തിലൊരു വില്ലനെയായിരുന്നു ആവശ്യം. ഞങ്ങളുടെ മനസിലെ സ്ത്രൈണ സ്വഭാവമുള്ള വില്ലന്റെ ഓര്മ്മ അപ്പോള് ഉയര്ന്നു.
അതുകൊണ്ടാവും ഞാനും ജിജോയും നൂറില് 90ന് മുകളില് മാര്ക്കിട്ടത്. ഇത് അറിയാത്തതു കൊണ്ടാവാം സിബിയും അമാനുമൊക്കെ നൂറില് മൂന്നും നാലും മാര്ക്കിട്ടതും ഫാസില് പറയുന്നു.
മോഹന്ലാല് ഇന്റര്വ്യൂന് വരും മുന്പെ ശങ്കറിനെ ഏറെക്കുറെ നായകനായി ഞങ്ങള് തീരുമാനിച്ചു കഴിഞ്ഞിരുന്നു.
പിന്നെ വേണ്ടിയിരുന്നത് വില്ലനെയാണ്. നരേന്ദ്രനെ തപ്പിയുള്ള ഒരു യാത്രയിലെ ഇന്റര്വ്യൂ ആയിരുന്നു. അപ്പോഴാണ് മോഹന്ലാല് വരുന്നത്.
ഇപ്പോള് അത് തിരിച്ചായേനെയെന്ന് ചോദിച്ചാല് അത് മിസ് കാസ്റ്റ് ആയിരിക്കുമെന്നേ പറയാനാവുകയുള്ളൂ.
അന്ന് ലാലിന് ഒരു ചോക്ലേറ്റ് മുഖമില്ലായിരുന്നു.
സ്ത്രൈണ ഭാവമുള്ള കൗമാരവും ബാല്യവും കൈവിടാത്ത ഒരു കൂട്ടായിരുന്നു അന്ന് മോഹന്ലാലിന്റെ മുഖം.
നരേന്ദ്രന് ആയിട്ടു തന്നെയാണ് ലാലിനെ ഇന്റര്വ്യൂ ചെയ്തത്. വളരെ ലൈറ്റായിട്ട് തന്നെയാണ് മോഹന് ലാല് അത് ചെയ്തത്.
മോഹന്ലാലിന് കിട്ടിയ ഒരനുഗ്രഹമെന്നത് ഒരു ക്യാരക്ടര് ഉണ്ടാവുമ്പോള് അതിനുള്ള എല്ലാ സാഹചര്യവും ഒരുങ്ങുന്നതു പോലെ ലാല് വരുമ്പോള് നരേന്ദ്രന് എന്നൊരു കഥാപാത്രം അയാളെ കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു എന്നും ഫാസില് പറയുന്നു.