പാനൂർ: ഫാസിസത്തെ ഇന്ത്യാ രാജ്യത്തു നിന്നും തുടച്ചുനീക്കാൻ മുഴുവൻ മതേതര കക്ഷികളെയും അണിനിരത്തി മുസ്ലിം ലീഗ് മുന്നോട്ടു പോകുമെന്നും മനുഷ്യത്വത്തിനെതിരെയുള്ള നരാധമൻമാരെ സൃഷ്ടിക്കുന്ന സംഘ്പരിവാർ ശക്തികൾ ഇന്ത്യാ മഹാരാജ്യത്തെ ലോകത്തിന് മുമ്പിൽ തലകുനിക്കേണ്ട അവസ്ഥയിൽ എത്തിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ.
മൂന്നു ദിവസങ്ങളിലായി കടവത്തൂർ ഏരിയ മുസ്ലിം ലീഗ് നടത്തിയ സമ്മേളനത്തിന്റെ സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ. പുണ്യമെന്ന് കരുതുന്ന ക്ഷേത്രങ്ങളെ പോലും കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ ഹൈന്ദവ സംസ്കാരമായി രാജ്യം കാണരുതെന്നും അത് വെറും സംഘപരിവാറിന്റെ ഫാസിസ മുഖമായി തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി.കെ.ഫൈസൽബാബു മുഖ്യപ്രഭാഷണം നടത്തി .
അഖിലേന്ത്യ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സാബിർ എസ്.ഗഫാർ, വി.കെ.അബ്ദുൾ ഖാദർ മൗലവി, അബ്ദുറഹിമാൻ കല്ലായി, എൻ.എ.അബൂബക്കർ, സി.കെ.സുബൈർ, വി. നാസർ,കാട്ടൂർ മുഹമ്മദ്, പി.പി.എ.ഹമീദ്, പി.കെ.ഷാഹുൽ ഹമീദ്, എൻ.കെ.അബ്ദുല്ല, ടി.കെ.ഹനീഫ, പൊയിൽ അബ്ദുല്ല, വി.ജനൈസ് സംസാരിച്ചു. മുണ്ടത്തോട് നിന്നാരംഭിച്ച ബഹുജന റാലിക്ക് പൊട്ടങ്കണ്ടി അബ്ദുള്ള, കാട്ടൂർ മുഹമ്മദ്, കെ.എം.മൊയ്തു, എ.പി.ഇസ്മായീൽ, എം.ഗഫൂർ, കെ.ഇസ്മായീൽ, എ.സി.കുഞ്ഞബ്ദുള്ള, പി.കെ.ഇസ്മായിൽ,എ.സി.ഇസ്മയിൽ, യൂസഫ് പുതിയാടം, നെല്ലൂർ ഇസ്മായിൽ നേതൃത്വം നൽകി.