തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ, ഓണ്‍ലൈൻ മാധ്യമങ്ങൾ എന്നിവ വഴി വ്യക്തിഹത്യകളും അധിക്ഷേപങ്ങളും ഭീഷണിപ്പെടുത്തലും മറ്റും തടയാൻ കേരള പോലീസ് ആക്ടിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി നിയമഭേദഗതി.
ഇത്തര ക്കാർ ക്കെതിരേ പ്രത്യേക വകുപ്പുകൾ പ്രകാരം നിലവിൽ കേസെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു നിയമ ഭേദഗതിക്കു മന്ത്രിസഭ അംഗീകാരം നൽകിയത്.
ഓണ്‍ലൈൻ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വഴി ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരേ കേസെടുക്കാൻ കേരള പോലീസ് ആക്ടിൽ 118 എ എന്ന വകുപ്പു കൂടി ഉൾപ്പെടുത്തി.
നേരത്തെ കേസെടുത്തിരുന്ന ഐടി ആക്ടിലെ 66 എയും കെപി ആക്ടിലെ വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് ഇവർക്കെതിരേ കേസെടുത്താലും അറസ്റ്റ് ചെയ്താലും ഉടനടി ജാമ്യം ലഭിച്ചിരുന്നു.
ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തിയ ആൾക്കെതിരേ പോലീസ് ദുർബല വകുപ്പുകൾ ചുമത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം പരിശോധിച്ചത്.
ഇപ്പോഴത്തെ ഭേദഗതി പ്രകാരവും സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യയും മറ്റും നടത്തുന്നവർക്കും ജാമ്യം ലഭിക്കും. കേന്ദ്ര ഐടി ആക്ടിൽ കൂടി ഭേദഗതി വരുത്തിയാൽ മാത്രമേ ഇത്തരക്കാർക്കെതിരേയുള്ള പോലീസ് നടപടി കൂടുതൽ കർക്കശമാക്കാൻ കഴിയുകയുള്ളു.