കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുനേരേ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി മുഴക്കിയ കേസിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ഇന്നലെ കൊച്ചിയിലെത്തിച്ചശേഷം എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി.
പ്രവാസി മലയാളിയായ കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂർ കൈമത്ത് പുത്തൻപുരയിൽ (നാരകത്തുകുന്നേൽ) കൃഷ്ണകുമാർ നായരെ കസ്റ്റഡിയിൽ വാങ്ങുന്നതിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അപേക്ഷ കോടതി ഇന്നു പരിഗണിച്ചേക്കും. ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ പ്രതിയെ
ഇന്നലെ പുലർച്ചെ മൂന്നോടെ നിസാമുദ്ദീൻ എക്സ്പ്രസിലാണു പ്രത്യേക അന്വേഷണസംഘം നാട്ടിലെത്തിച്ചത്. എറണാകുളം സെൻട്രൽ സിഐ അനന്തലാലിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജൂലൈ ഒന്പതുവരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്.
ഐടി ആക്ടിനു പുറമെ ഐപിസി 153, 500, 506, തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. കൃഷ്ണകുമാർ കഴിഞ്ഞ 18 നാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. കേരള പോലീസിൻറെ ലുക്ക് ഒൗട്ട് നോട്ടീസിനെത്തുടർന്നു ജീവനക്കാർ തടഞ്ഞുവച്ചശേഷം ഡൽഹി പോലീസിനു കൈമാറുകയായിരുന്നു.