തൃശൂർ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമിച്ചയാളെ ചാറ്റിംഗിലൂടെ ഓടിച്ച് ക്രൈസ്റ്റ് കോളജിലെ മുൻ അധ്യാപകൻ പ്രഫ. സെബാസ്റ്റ്യൻ ജോസഫ്.
വ്യാജ ഐഡി ഉപയോഗിച്ച് പണം തട്ടുന്ന സംഘം വിലസുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ശിഷ്യന്റെ പേരിൽ വന്ന സന്ദേശം സത്യമാണോയെന്നറിയാൻ അധ്യാപകൻ ചാറ്റിംഗ് നടത്തിയത്.
ഇതിനിടെ അയാൾ പണം ചോദിച്ചതോടെ സംശയമായി. 25,000 രൂപയാണ് ആദ്യം ചോദിച്ചത്. മാസം തുടങ്ങിയതേയുള്ളതിനാൽ അത്രയും തുകയില്ല എന്നു പറഞ്ഞതോടെയാണ് ചാറ്റിംഗ് നടത്തിയത്.
അയ്യായിരം രൂപ മതിയോ എന്നു ചോദിച്ചപ്പോൾ എന്നാൽ അതു മതിയെന്നായി വ്യാജൻ. ഗൂഗിൾ പേ നന്പറും നൽകി. പിന്നീട് വിശേഷങ്ങൾ ചോദിച്ച് ചാറ്റിംഗ് നീട്ടാൻ തീരുമാനിച്ചു.
ഇതിനിടെ വേഗം ഉള്ള പണം തരൂവെന്നായി അങ്ങേ തലയ്ക്കലിരുന്ന് വ്യാജന്റെ ചാറ്റ്. പക്ഷേ അധ്യാപകൻ വിട്ടില്ല. നാടെവിടെ വീടെവിടെ തുടങ്ങി എല്ലാ കാര്യങ്ങളും ചോദിക്കാൻ തുടങ്ങിയതോടെ സംഭവം കുടുങ്ങുമെന്ന് മനസിലാക്കിയതോടെ വ്യാജൻ സ്ഥലം വിട്ടു.
പിന്നീട് യഥാർഥയാളെ വിളിച്ചു ചോദിച്ചപ്പോഴാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്ന് മനസിലായത്. എന്തായാലും പണം തട്ടാൻ ശ്രമിച്ചയാളുടെ ഗൂഗിൾ പേ നന്പർ പോലീസിന് കൈമാറിയിരിക്കയാണിപ്പോൾ.