മല്ലപ്പള്ളി: സുല്‍ത്താന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് ലഭിച്ച ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാന്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്ക് അധികസമയം ആലോചിക്കേണ്ടിവന്നില്ല. സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ, പേര് സുല്‍ത്താന്‍.
പേരില്‍ മാത്രമല്ല, താനൊരു സമ്പന്നനാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വേഷവിധാനങ്ങൾ, അവിവാഹിതന്, പോരാത്തതിന് സമ്പത്തിന്റെ ആധികാരിക വിവരങ്ങൾ. സുഹൃദ് പട്ടികയിലായ 19 കാരിയോട് പ്രണയാഭ്യര്‍ഥന നടത്താനും അധികം വൈകിയില്ല.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഇരുവരും പ്രണയത്തിലായി. മല്ലപ്പള്ളിക്കടുത്ത് ഒരു ഗ്രാമപ്രദേശത്തു വളര്‍ന്ന പെണ്‍കുട്ടിയുമായി കടക്കാന്‍ യുവാവ് പ്ലാനിട്ടു. പെണ്‍കുട്ടിയെ യുവാവ് മല്ലപ്പള്ളിയിലേക്ക് വിളിച്ചുവരുത്തി.
ഇയാളുടെ പ്ലാൻ അറിയാതെ പെൺകുട്ടി കാണാൻ ചെന്നു. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് എത്തുമെന്നായിരുന്നു അറിയിപ്പ്. മല്ലപ്പള്ളിയില്‍ കാത്തുനില്‍ക്കേണ്ട സ്ഥലത്തെ സംബന്ധിച്ചും പറഞ്ഞുകൊടുത്തു. നേരില്‍ കാണാനെന്നു പറഞ്ഞാണ് കാത്തുനില്ക്കാന് പറഞ്ഞത്.
ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചു. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നെ കയറി.ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവിന്റെ മുഖം കാണാതെതന്നെ പെണ്‍കുട്ടി ബൈക്കില്‍ കയറി. പിന്നെ ഒരു യാത്രയായിരുന്നു. ചെന്നു നിന്നത് കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടില്‍.
യുവാവ് ഹെല്‍മറ്റ് മാറ്റിയപ്പോഴാണ് സുല്‍ത്താന്റെ മുഖം പെണ്‍കുട്ടി കണ്ടത്. അപ്പോഴേക്കും സംശയമായി. രക്ഷപെടാന്‍ മാര്‍ഗവുമില്ല. പട്ടമ്പി നാഗലശേരി നെല്ലിക്കാട്ടിരി കല്ലേടത്ത് ലത്തീഫ് (40) പെണ്‍കുട്ടിയെ നാലുദിവസം ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് പറഞ്ഞു.
ബന്ധുക്കളുടെ പരാതിയേ തുടര്‍ന്ന് അതിവിദഗ്ധമായി പോലീസ് സ്ഥലം തിരിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു. അറസ്റ്റിലായ ലത്തീഫ് പോലീസിനെ ആദ്യമൊന്നു വിരട്ടി. മല്ലപ്പള്ളിയിലേക്കു കൊണ്ടുവരുമ്പോള്‍ തനിക്കു കോവിഡാണെന്നു പറഞ്ഞ് പോലീസുകാരെ തുപ്പി, സമീപത്തിരുന്നവരെ മാന്തി.
ഭയന്നുപോയ പോലീസ് നേരെ ചാലക്കുടി ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തി. അസുഖങ്ങളൊന്നുമില്ലെന്നു ബോധ്യപ്പെടുത്തിയശേഷമാണ് യാത്രതുടര്‍ന്നത്.
കീഴ്വായ്പൂര് എസ്എച്ച്ഒ സി.ടി. സഞ്ജയിന്റെ നേതൃത്വത്തിലാണ് ലത്തീഫിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് ജില്ലയിലെ രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ സുരേഷ് കുമാർ, എം.കെ. ഷിബു, സിപിഒമാരായ ജോണ്‍സി സാമുവേല്‍, എസ്. അരുണ്‍, പ്രേംജിത്, കെ.കെ. മനോജ്, വനിതാ സിപിഒ ജോയിസ് തോമസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.