ആധുനിക സമൂഹം, പ്രത്യേകിച്ച് സംസ്‌കാരത്തില്‍ വളരെയധികം മുന്നിലെന്ന് അവകാശപ്പെടുന്ന കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്, പ്രായമായാല്‍ മാതാപിതാക്കളെ ഏതെങ്കിലും അനാഥാലയത്തിലോ അഗതിമന്ദിരത്തിലോ കൊണ്ടുചെന്നാക്കുക എന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എല്ലുമുറിയെ പണിയെടുത്ത് ഇല്ലാത്ത കാശുണ്ടാക്കി മക്കളെ പഠിപ്പിച്ച് ജോലിക്കാരാക്കുന്ന മാതാപിതാക്കള്‍ക്ക് മക്കള്‍ കൊടുക്കുന്ന സമ്മാനം. സ്വന്തമായി കുടുംബമൊക്കെ ആയിക്കഴിയുമ്പോള്‍ മാതാപിതാക്കളെക്കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന ചിന്തയും അവര്‍ തങ്ങള്‍ക്ക് ഭാരം മാത്രമായിരിക്കുമെന്ന ആകുലതയുമാണ് അവരെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിക്കുന്നത്.
ചിലരാകട്ടെ തങ്ങളുടെ നിവൃത്തികേടുകൊണ്ട് മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്നു. എന്തൊക്കെയാണെങ്കിലും പ്രായമായാല്‍ ചിലര്‍ക്കെങ്കിലും മാതാപിതാക്കള്‍ അറിഞ്ഞോ അറിയാതെയോ നാണക്കേടും ഭാരവുമായി തീരുന്നു. എന്നാല്‍ എത്രയൊക്കെ ഉന്നതങ്ങളില്‍ തങ്ങളെത്തിയാലും മാതാപിതാക്കളെ തങ്ങളോടൊപ്പം കൊണ്ടുനടക്കാനും അവര്‍ക്ക് താങ്ങും തണലുമാകാനും തങ്ങള്‍ക്ക് നാണക്കേടില്ല എന്ന് ചിന്തിക്കുന്ന മക്കള്‍ ഇന്നും അന്യം നിന്ന് പോയിട്ടില്ല എന്ന് വിളിച്ചു പറയുന്ന ഒരു മകന്റെ ( ചിത്രത്തിന്റെയും കുറിപ്പിന്റെയും ഉടമ ആരെന്ന് വ്യക്തമല്ല ) അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അനുഭവക്കുറിപ്പില്‍ പറയുന്നതിങ്ങനെ…
‘ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം’
ഞാന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്റെ അപ്പച്ചനെ ഞാന്‍ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചന്‍ അത് നിരസിക്കുമായിരുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം.
കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്റെ അപ്പച്ചന്‍ ചെരിപ്പ് ധരിച്ചിട്ടില്ല. ജഅചഠട എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.
ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്റെ പിതാവിന്റെ ആ നഗ്‌നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.
വാര്‍ദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
ദൈവമേ അങ്ങേക്ക് നന്ദി…..