കൊയിലാണ്ടി: പിഞ്ചുകുഞ്ഞുമായി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ എഐവൈഎഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ആശുപത്രിയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി തത്സമയം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ഗൗരവമായ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ചത് ഫാസിസ്റ്റ് നടപടിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജീവനക്കാരെ വെള്ളപൂശാനുള്ള കെജിഎംഒ പ്രസ്താവന നീതീകരിക്കാന്‍ കഴിയുന്നതല്ല. ആശുപത്രിയില്‍ വരുന്ന രോഗികളും ജീവനക്കാരും തമ്മില്‍ സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തണമെന്നും സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പട്ടു. അഷറഫ് പൂക്കാട് അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മറച്ചുവയ്ക്കാന്‍ നിരപരാധിയെ പ്രതിയാക്കിക്കൊണ്ടുള്ള പോലീസിന്റെ ശ്രമം നിയമ വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയണെന്ന് ലോക് താന്ത്രിക് ജനതാദള്‍ കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റി ആരോപിച്ചു. അധികാരം ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യുന്നതു ജനങ്ങളുടെ മൗലികാവകാശത്തില്‍ മേലുള്ള കടന്നുകയറ്റമാണ്. കെട്ടിച്ചമച്ച കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണം. യോഗത്തില്‍ ടി.കെ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
അതേസമയം വിശദീകരണവുമായി ഐഎംഎ രംഗത്തെത്തി. “മകന്റെ നാല് ദിവസം പഴക്കമുള്ള പനി ചികില്‍സിക്കാന്‍ കൊയിലാണ്ടി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വരികയുണ്ടായി . യഥാര്‍ത്ഥ അത്യാഹിത കേസുകള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് കാത്തുനില്‍ക്കേണ്ടി വന്നു.
ഈ കാത്തുനില്പ്പില് രോഷാകുലനായ ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലേഡീ ഡോക്ടറെ അസഭ്യം പറഞ്ഞ് അപമാനിക്കുകയും വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി അത് പ്രചരിപ്പിക്കുകയും ചെയ്തു.എന്നിട്ടും കര്‍മനിരതയായ ഡോക്ടര്‍ കുഞ്ഞിനെ വിശദമായി പരീശോധിച്ച് ചികിത്സ നല്കി.
ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ചികില്‍സയേയും തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ നിയപരമായി നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധാര്‍മികമായും നിയമപരമായും ഉള്ള ബാധ്യത ഉണ്ട് ഇത് നിര്‍വഹിക്കുക മാത്രമാണ് ഇവിടെ ഡോക്ടര്‍ ചെയ്തത്. അതിന് ഡോക്ടറെ മാധ്യമങ്ങളിലൂടെ വേട്ടയാടുന്ന പ്രവണതക്കെതിരെ ഐഎംഎ ശക്തമായി പ്രതിഷേധിക്കുന്നു’ എന്നാണ് വിശദീകരണം .