നേരിട്ട തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ട് ഫേസ്ബുക്ക് സിംഹളഭാഷ പഠിക്കുന്നു. ശ്രീലങ്കയുടെ ഒൗദ്യോഗിക ഭാഷയായ സിംഹള പഠിക്കാൻ തങ്ങളുടെ ജീവനക്കാരിൽ ഒരു വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
ലങ്കൻ ജനതയുടെ പോസ്റ്റുകളുടെ അർഥം മനസിലാക്കി ജനങ്ങൾക്കിടയിൽ വിദ്വേഷമുണർത്തുന്നവയുണ്ടെങ്കിൽ നീക്കം ചെയ്യുന്നതിനാണ് നടപടി. ഫേസ്ബുക്കിലൂടെ വ്യാപകമായി വിദ്വേഷസന്ദേശങ്ങൾ പ്രചരിച്ചതിനേത്തുടർന്ന് രണ്ടാഴ്ചമുന്പ് ലങ്കയിൽ സാമുദായിക കലാപമുണ്ടാവുകയും മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഫേസ്ബുക്കിന് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. ഇനി ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.