ശ്രീകണ്ഠപുരം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട 20 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ വയക്കാങ്കോട് പൈസായിയിലെ മേനോത്ത് റഫീഖി (23) നെയാണ് ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷ്, എസ്ഐ സി. പ്രകാശൻ എന്നിവർ അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന ഇയാൾ കഴിഞ്ഞ മൂന്ന് വർഷത്തോളമായി യുവതിയുമായി സൗഹൃദത്തിലായിരുന്നതായി പറയുന്നു. തുടർന്ന് നാട്ടിലെത്തിയ ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി മലപ്പുറത്ത് ഉറൂസിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി കോഴിക്കോട് ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.
വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇന്ന് പുലർച്ചെ ഇരിക്കൂർ ടൗണിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞ് തലശേരി സിജെഎം കോടതിയിൽ ഹാജരാക്കും.