കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയില്‍ സേഫ്റ്റിപിന്‍ വിഴുങ്ങി ചികിത്സയില്‍ കഴിയുന്ന ഒമ്പതുമാസം പ്രായമായ കുട്ടിയുടെ ശസ്ത്രക്രീയക്കു 50 ലക്ഷം രൂപവേണമെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഇന്നലെ മുതലാണ് സാമൂഹ്യമാധ്യമങ്ങളായ വാട്സ്ആപ്പിലും ഫേയ്സ്ബുക്കിലും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വന്നു തുടങ്ങിയത്. കുട്ടി ആശുപത്രില്‍ കിടക്കുന്ന ചിത്രവും സേഫ്റ്റിപിന്‍ കുട്ടിയുടെ അന്നനാളത്തില്‍ തറഞ്ഞിരിക്കുന്ന എക്സ്റേ ചിത്രവും സഹിതമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സേഫ്റ്റിപിന്‍ വിസര്‍ജ്യം വഴി പുറത്തേക്കുപോയാല്‍ ഓപ്പറേഷന്റെ ആവശ്യമില്ല. ഓപ്പറേഷന് വേണമെങ്കില്‍ തന്നെ 50 ലക്ഷം രൂപയുടെ ആവശ്യമില്ലെന്നു ഡോക്്ടര്‍മാര്‍ തന്നെ പറയുന്നു. വൈക്കം മറവന്തുരുത്ത് സ്വദേശി രഞ്ജിത്തിന്റെ മകള്‍ അശ്രിതയാണു പിന് വിഴുങ്ങിയത്. തുറന്ന നിലയില്‍ പിന് വിഴുങ്ങി കുഞ്ഞിനെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അമ്മയുടെ മാലയില്‍ കോര്‍ത്തിരുന്ന പിന്നാണ് കുഞ്ഞ് ഊരിയെടുത്ത് വിഴുങ്ങിയത്.