സാധാരണയില്‍ കവിഞ്ഞ് വണ്ണമുള്ളവരെ കളിയിക്കാകുക പലരുടെയും ഹോബിയാണ്. പെണ്‍കുട്ടികളാണ് ഇത്തരം കളിയാക്കലുകള്‍ക്ക് മിക്കപ്പോഴും ഇരയാകുന്നത്. ഇപ്പോഴേ ഇങ്ങനെ തടിച്ചാല്‍ കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആകുമ്പോള്‍ എന്താകും അവസ്ഥ എന്നു പറഞ്ഞാകും ഭയപ്പെടുത്തല്‍. അനാരോഗ്യ പ്രവണതകള്‍ ഒന്നുമില്ലെങ്കില്‍ അല്‍പം തടിയുള്ളത് കാര്യമാക്കേണ്ടതില്ല എന്നതാണ് വാസ്തവം. ചിലര്‍ക്ക് വണ്ണം പാരമ്പര്യമായി കിട്ടുന്നതുമാകാം. എന്തൊക്കെ അഭ്യാസം കാണിച്ചിട്ടും വണ്ണം വിട്ടുപോകാത്തവരുമുണ്ട്. ഇത്തരം കളിയാക്കലുകള്‍ ഏറെ കേട്ട ഒരു പെണ്‍കുട്ടി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്…
പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ശരീരഭാരത്തെ കുറിച്ചുള്ള കമന്റുകള്‍ ഞാന്‍ കേട്ടുതുടങ്ങി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി, അവളുടെ രൂപത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രായമായില്ലെന്നോ, ജീവിതം ആസ്വദിക്കുന്ന പ്രായമാണെന്നോ മനസ്സിലാക്കാതെയാണ് ആളുകള്‍ എനിക്കു നേരേ പരിഹാസം ചൊരിഞ്ഞത്. ഞാന്‍ നടന്നു പോകുമ്പോള്‍ കളിയാക്കി ചിരിക്കുകയും എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കുകയുമൊക്കെ ചെയ്തിരുന്നു. എന്റെ സുഹൃത്തുക്കളും ഈ കൂട്ടത്തിലുണ്ടായിരുന്നു. ഞാന്‍ തടിച്ചിട്ട് ആണെന്നു പറഞ്ഞ് 9-ാം ക്ലാസ്സില്‍ ആയപ്പോള്‍ അവര്‍ എന്നോടു സംസാരിക്കാതെയുമായി.
ഞാന്‍ ഒറ്റയ്ക്കായതിനാല്‍ത്തന്നെ പരിഹാസവും കൂടി വന്നു. ചില പ്രത്യേക ഗ്രൂപ്പിലെ കുട്ടികള്‍ എംആര്‍എഫ് ടയറിനോട് എന്നെ ഉപമിച്ച് മൈം വരെ ക്രിയേറ്റ് ചെയ്തു. ഇത് അധ്യാപക രക്ഷകര്‍തൃ ഗ്രൂപ്പുകളിലൊക്കെ ഇട്ട് എന്നെ പരസ്യമായി അപമാനിച്ചു. എന്നെ വിഷമിപ്പിക്കാനായി അവര്‍ അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എംആര്‍എഫ് ടയേഴ്‌സ് എന്ന് നാമകരണവും ചെയ്തു. എന്നാല്‍ ഞാന്‍ എന്നെ സ്‌നേഹിക്കുന്നിടത്തോളം കാലം വിഷമിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മാതാപിതാക്കള്‍ എന്നെ ഉപദേശിച്ചു. അതിനാല്‍ ഇതൊന്നും ഞാന്‍ കാര്യമാക്കിയില്ല. കോളജില്‍ ആയപ്പോഴേക്കും കാര്യങ്ങളെല്ലാം മാറിത്തുടങ്ങി. ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്നതുവച്ച് ആരും എന്നെ വിധിച്ചില്ല, പകരം ഞാന്‍ ആരാണെന്നറിഞ്ഞ് അവരെന്നെ സ്‌നേഹിച്ചു.
ഈ സമയം നൃത്തത്തോടുള്ള എന്റെ താല്‍പര്യവും വര്‍ധിച്ചു. ധാരാളം മത്സരങ്ങളില്‍ വിജയിക്കുകയും എല്ലാവരും എന്റെ കഴിവിനെ പുകഴ്ത്തുകയും ചെയ്തു. എന്റെ കോളജിലും മത്സരത്തില്‍ ഞാന്‍ വിജയിച്ചു. എങ്കിലും ആളുകള്‍ അപ്പോഴും എന്നെ കളിയാക്കുന്നുണ്ടായിരുന്നു. എന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പോസ്റ്റും ഫോട്ടോകളും കണ്ട് ആ പഴയ കൂട്ടുകാര്‍ കളിയാക്കി ചിരിച്ചു. എന്നെ നിരുത്സാഹപ്പെടുത്താന്‍ ആവുന്നത്ര അവര്‍ ശ്രമിച്ചു. ഒരുപാടു പേരില്‍ നിന്ന് സ്‌നേഹവും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെങ്കിലും ഇവരില്‍നിന്നു ലഭിച്ച വിദ്വേഷം എന്നെ സങ്കടപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ എനിക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ല. ഞാന്‍ മുന്‍പത്തേതു പോലെയല്ല. എന്നെ സപ്പോര്‍ട്ടു ചെയ്യാന്‍ സുഹൃത്തുക്കളുണ്ട്. എനിക്കു കിട്ടുന്ന സ്‌നേഹം വച്ചു നോക്കുമ്പോള്‍ മുന്‍പ് ലഭിച്ച വെറുപ്പ് എത്രയോ ചെറുതാണ്. കുറച്ച് പ്രയാസങ്ങളുണ്ടായെങ്കിലും ഇപ്പോള്‍ ഞാന്‍ ജീവിതത്തിന്റെ ഏറ്റവും സന്തോഷകരമായ അവസ്ഥയിലാണ്. എന്റെ മൂല്യം തെളിയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നുന്നില്ല. അവര്‍ ഇപ്പോഴും എന്നെ പരിഹസിക്കാറും അധിക്ഷേപിക്കാറുമുണ്ട്. എന്നാല്‍ എനിക്കറിയാം ഞാന്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും ഞാന്‍ എന്തായിരിക്കണമെന്നും. അവര്‍ക്കു നേരേ വിദ്വേഷം കാണിക്കുന്നതിനു പകരം മറ്റുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.