ഇരിങ്ങാലക്കുട: ഫേസ്ബുക്കിൽ കമന്റിട്ടതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനുനേരെ വധിഭീഷണി ഉന്നയിക്കുകയും, പ്രവർത്തകരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുബിജെപി പ്രവർത്തകരെ അറസ്റ്റുചെയ്തു. ഇരിങ്ങാലക്കുട നഗരസഭ മുൻ കൗണ്സിലറും ബിജെപി നേതാവുമായ ടി.കെ. ഷാജു, യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി. വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഫേസ്ബുക്കിൽ കമന്റിട്ട ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ ബിജെപി പ്രവർത്തകർ വധഭീഷണി മുഴക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തളിയക്കോണം ജംഗ്ഷനിൽ പ്രകടനം നടത്തുകയും പ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഖീഷ്, നീധീഷ് എന്നിവരെ ബിജെപി സംഘം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇതുസാധ്യമാകാതെ വന്നപ്പോൾ ബിജെപി പ്രവർത്തർ ആയുധങ്ങളുമായി പിന്തുടരുകയായിരുന്നെന്നും ഇവരിൽ നിന്നും ഓടിരക്ഷപ്പെടുന്നതിനിടെ നിധീഷ് കിണറ്റിൽ വീഴുകയായിരുന്നു. പിന്നീട് ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരുമാണ് നിധീഷിനെ രക്ഷപ്പെടുത്തിയത്.
ഓടി വീട്ടുമുറ്റത്തെത്തിയ അഖീഷിനെ ബിജെപി സംഘം കൈയേറ്റം ചെയ്യുന്നതുകണ്ട് രക്ഷപ്പെടുത്താനെത്തിയ അഖീഷിന്റെ അമ്മ മിനിക്കും മർദനമേറ്റു. പരിക്കേറ്റ ഇരുവരെയും പിന്നീട് മാപ്രാണത്തെ ലാൽ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സംഭവമറിഞ്ഞെത്തിയ പോലീസാണ് രണ്ടു ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
ഇവരെ അറസ്റ്റുചെയ്തതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ നിരവധി ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയിരുന്നു. സിഐ സുരേഷ്കുമാർ, എസ്ഐ സി.വി. ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണത്തിൽ ഡിവൈഎഫ്ഐ മാപ്രാണം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.