താടിയും മുടിയും നീട്ടി വളര്‍ത്തുന്ന പയ്യന്മാരൊക്കെ കഞ്ചാവാണെന്ന് നാട്ടുകാര്‍ പറയാറുണ്ട്. ഇത്തരത്തില്‍ സ്വന്തം മകനെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള അമ്മയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
മുടി വളര്‍ത്തിയ മകനെ പറ്റി പല പ്രചാരണങ്ങളും കേള്‍ക്കണ്ടി വന്ന അമ്മയാണ് സ്മിത. ഒടുവില്‍ മകനോട് ഇക്കാര്യം പറയുകയും ചെയ്തു ഈ അമ്മ. എന്നാല്‍ ആ മകന്റെ തിരിച്ചുള്ള പ്രതികരണവും പ്രവര്‍ത്തിയുമാണ് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മകന് തലമുടി നീട്ടി വളര്‍ത്തുമ്പോള്‍ എല്ലാവരും ചോദിക്കും എന്തിനാ മോനെ മുടി വളര്‍ത്താന്‍ അനുവദിക്കുന്നത് എന്ന്. ഒരു ജാതി പോക്ക് പിള്ളേരാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. കഞ്ചാവ് പിള്ളേരാണ് ഇങ്ങനൊക്കെ നടക്ക ണതെന്ന് ഞാന്‍ കേള്‍ക്കാതെ രഹസ്യത്തില്‍ പറയും.
കാക്കയ്ക്കും തന്കുഞ്ഞു പൊന്കുഞ്ഞല്ലേ അവരൊക്കെ പറയണതു കേട്ടിട്ട് എനിക്ക് വിഷമം തോനുന്നെടാ കണ്ണാ എന്ന് മകനോട് ഞാന്‍ പറയാറുണ്ട്. എന്നാല്‍ ഞാന്‍ പറയുമ്പോള്‍ അവന് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട്. അവരിലാര്‍ക്കെങ്കിലും കൊടുക്കാനാണ് ഞാന്‍ വളര്‍ത്തുന്നത്.
പറയുന്നവര്‍ പറഞ്ഞോട്ടെ അമ്മ വിഷമിക്കേണ്ട. അമ്മയ്ക്കെന്നെ അറിയാലോ അതു മതി. അതെ എനിക്കതു മതി. എന്റെ മകനെ എനിക്കറിയാം പ്ലസ്ടു മുതല്‍ അവന് വളര്ത്തണതാണ്. ഡിഗ്രി രണ്ടാം വര്‍ഷമായി.
ഇപ്പൊ ഇന്നു മുറിച്ചു നാളെ കൊണ്ട് കൊടുക്കും. സന്തോഷമായി അവനെക്കൊണ്ട് പറ്റിയത് അവന് ചെയ്തല്ലോ. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണ് അമ്മ കുറിച്ചത്. നാട്ടുകാരുടെ വാക്കുകള്‍ കേട്ട് മകനെ കുറ്റപ്പെടുത്താതെ മകനെ മനസിലാക്കി പ്രവര്‍ത്തിച്ച അമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്.