മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള അനുഭവം! ഇങ്ങനെയുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും സമൂഹത്തിലുണ്ട്; മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പിതാവിന്റെ അനുഭവക്കുറിപ്പ്

സ്വന്തം കുറവുകള്‍ മറച്ചുവച്ചുകൊണ്ട് അന്യരെ വിധിക്കുന്നതിലും അന്യരുടെ കുറവുകള്‍ ചൂണ്ടികാണിക്കുന്നതിലും ഏറെ മുന്നിലാണ് താനെന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ് മലയാളി. അട്ടപ്പാടിയില്‍ വിശപ്പ് സഹിക്കവയ്യാതെ ഭക്ഷണം മോഷ്ടിച്ച യുവാവിനെ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഉദാഹരണം മാത്രം മതി, സ്വന്തം കുറ്റങ്ങളും തെറ്റുകളും മറച്ചു വച്ചുകൊണ്ട് അന്യരെ വിധിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളിയുടെ മനോനില മനസിലാക്കാന്‍.

മറ്റുള്ളവരെ താറടിച്ച് കാണിക്കാന്‍ എല്ലാവരും ഇന്ന് ആയുധമാക്കുന്നതാകട്ടെ, സോഷ്യല്‍മീഡിയയും. ചെയ്ത് കിട്ടാത്തതിനെക്കുറിച്ച് പലരും സോഷ്യല്‍മീഡിയയില്‍ വാചാലരായി കാണാറുണ്ട്. എന്നാല്‍ തനിക്ക് ലഭിച്ച ഏതെങ്കിലും നന്മയെക്കുറിച്ച്, കരുണയെക്കുറിച്ച് നല്ല വാക്കുകള്‍ പറയാന്‍ അവരെ സമൂഹമധ്യത്തില്‍ ഒന്നഭിനന്ദിക്കാന്‍ മനസുകാണിക്കുന്നവര്‍ വളരെ ചുരുക്കമാണ്.

എന്നാല്‍ മനുഷ്യത്വമുള്ള ഏതാനും ആളുകളില്‍ നിന്ന് തനിക്ക് ലഭിച്ച സഹായങ്ങളെ നന്ദിയോടെ ഓര്‍ക്കുകയും പങ്കുവയ്ക്കുകയും ചെയ്യുകയാണ് മുഹമ്മദ് ബാവ എന്ന കോതമംഗലംകാരന്‍. സമൂഹമാധ്യത്തില്‍ ഇദ്ദേഹം പങ്കുവച്ച അനുഭവക്കുറിപ്പ് നിരവധിയാളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. നല്ല കാര്യങ്ങളും ലോകത്തില്‍ നടക്കുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞാല്‍ മാത്രമേ നല്ലത് ചെയ്യണമെന്നുള്ള ചിന്ത ആളുകള്‍ക്ക് ഉണ്ടാവുകയുള്ളു എന്ന സന്ദേശം കൂടിയാണ് ഇദ്ദേഹം നല്‍കുന്നത്. മുഹമ്മദ് ബാവയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

മുവാറ്റുപുഴ, ജനറല്‍ ആശുപത്രിയിലെ എന്റെ അനുഭവം..

എന്റെ14 വയസുള്ള മകന്റെ ഹെര്‍ണിയ Surgery യ്ക്കു വേണ്ടി, 16-2-18 ,വെള്ളിയാഴ്ച് ഞാനും ഭാര്യയും മകനും കൂടി, മുവാറ്റുപുഴ ജന. ആശുപത്രിയിലെത്തി. സര്‍ജന്‍ Dr. അരുണ്‍ ദേവിനെയാണ് ഞങ്ങള്‍ കണ്ടത്.. മകനെ Admit ചെയ്ത അദ്ദേഹം പിറ്റേ ദിവസം രാവിലെ ഓപ്പറേഷന്‍ ചെയ്യാമെന്ന് അറിയിച്ചു.. കൈക്കൂലി കൊടുക്കുന്നത് കുറ്റകരമാന്നെന്നറിയാമെങ്കിലും ,സര്‍ക്കാര്‍ ആശുപത്രിയിലെ നാട്ടുനടപ്പും മകനെ കുറിച്ചുള്ള ആശങ്കയും കാരണം എല്ലാവര്‍ക്കും കൊടുക്കാനുള്ള ‘വീത’വും ഞങ്ങള്‍ കരുതിയിരുന്നു..

രാത്രി, വാര്‍ഡ് 11 ലെ അറ്റന്‍ഡര്‍, രവി വന്നു ഷേവു ചെയ്യാന്‍ മകനെ ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി.. കൂടെ ഞാനും ചെന്നു… അദ്ദേഹം കൃത്യമായി എല്ലാം ചെയ്തു.. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍100 രൂപ വച്ചു കൊടുത്തു. കൈ പിന്‍വലിച്ച അദ്ദേഹത്തിന്റെ മറുപടി അവിടുന്ന് ഞങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ shock ആയിരുന്നു..’ എനിക്കുമുണ്ട് മക്കള്‍.. ഞാനെന്റെ ജോലിയാ ചെയ്തത്.. ഇതൊന്നും എനിക്കു വേണ്ട..ചേട്ടന്‍ പോ…’ ഇത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് രവി ആദ്യം റൂമില്‍ നിന്നിറങ്ങി… പിന്നാലെ ഞങ്ങളും..

ശനിയാഴ്ച്ച രാവിലെ എട്ടരയ്ക്ക് ഒപ്പറേഷനു തയ്യാറായി ഞങ്ങള്‍ ചെന്നു… അനസ്‌തേഷ്യാ വിഭാഗത്തില്‍ ഉൃ. ദീപക് അണ് മകനെ treat ചെയ്തത്. പതിനൊന്നരയോടു കൂടി Dr. ദീപക് എന്നെ അകത്തേയ്ക്ക് വിളിച്ചു.. ഓപ്പറേഷന്‍ വിജയകരമാണെന്നും മോനെ കേറി കണ്ടോളാനും പറഞ്ഞു.. കണ്ടു തിരിച്ചു വരുമ്പോള്‍ Dr. ദീപക്കും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു.. അദ്ദേഹത്തിനു കൊടുക്കാന്‍ ഞാന്‍ കരുതിയ 1000 രൂപ കയ്യിലെടുത്തു കൊണ്ട് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു.. ‘സര്‍… ഞാന്‍ എവിടെ വച്ചാണ് സാറിനെ കാണേണ്ടത്…?’

എന്റെ ചോദ്യത്തിന്റെ അര്‍ത്ഥം മനസിലാക്കിയിട്ടെന്നോണം അദ്ദേഹം പറഞ്ഞു….’ ഇനി എന്നെ കാണേണ്ട കാര്യമില്ല.. He is alright… ഫീസ് തരാനാണെങ്കില്‍ എനിക്കു പ്രത്യേകിച്ചു ഫീസില്ല….’
വിശ്വാസം വരാതെ ഞാന്‍..’ But Sir… ‘അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു…’See my frnd..എനിക്കു സര്‍ക്കാര്‍ ശമ്പളം തരുന്നുണ്ട്… എനിക്കതുമതി… മാത്രമല്ല ഞാന്‍ യേശുവില്‍ വിശ്വസിക്കുന്ന ആളാണ്… അര്‍ഹിക്കാത്തത് ഞാന്‍ വാങ്ങില്ല.. എനിക്കു തരാന്‍ ഉദ്ദേശ്ശിക്കുന്ന പണം കൊണ്ട് മകന് എന്തെങ്കിലും വാങ്ങി കൊടുക്ക്… bye…’ അദ്ദേഹം എഴുന്നേറ്റ് തീയറ്ററിനകത്തേക്ക് കയറിപ്പോയി… ഞാന്‍ പുറത്തേക്കും…

വൈകുന്നേരം അഞ്ചരയോടെ ഞാന്‍ സര്‍ജന്‍ Dr. അരുണ്‍ ദേവിന്റെ private O.P.യില്‍ ചെന്നു.. എന്നെ കണ്ടപാടെ അദ്ദേഹത്തിന്റെ ക്ഷമാപണം…’ sorry.. തീയറ്ററില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിയതേയുള്ളൂ… അതാ മോനേ കാണാന്‍ വരാതിരുന്നത്..”Its ok Sir’ ഞാന്‍ പറഞ്ഞു… തുടര്‍ന്ന് എന്റെ എല്ലാ സംശയങ്ങളും അദ്ദേഹം തീര്‍ത്തു തന്നു.. പോകാന്‍ എഴുന്നേറ്റ ഞാന്‍ അദ്ദേഹത്തിനു കൊടുക്കാന്‍ കരുതിയിരുന്ന പണമെടുത്തു നീട്ടികൊണ്ട് ,പോരെങ്കില്‍ പറയണമെന്നു പറഞ്ഞു.’ ഇതെന്താ..? ഇതൊന്നും വേണ്ട… പൊയ്‌ക്കൊളൂ..’

എന്നായിരുന്നു മറുപടി.. നിര്‍ബന്ധിച്ചിട്ടും സമ്മതിക്കാതായപ്പോള്‍ consulting fee എന്നും പറഞ്ഞ് 150 രൂപ മേശപ്പുറത്തു വച്ചിട്ട് ഞാന്‍ ഇറങ്ങി പോന്നു..വാര്‍ഡ് 11 ലെ സ്റ്റാഫ് നേഴ്‌സ് ഫാരിഷയും കുസുമവും മറ്റു പേരറിയാത്ത സ്റ്റാഫും എന്തിനേറെ, കൂത്താട്ടുകുളം SME നഴ്‌സിംഗ് സ്‌കൂളിലെ 1st Yr വിദ്യാര്‍ത്ഥിനി സുവര്‍ണ്ണ പോലും ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവുമായി ഞങ്ങളുടെ മകനെ പരിചരിച്ചു… ഇപ്പറഞ്ഞ ആരുമായും എനിക്ക് മുന്‍പരിചയമില്ല..

ഇതു ഷെയര്‍ ചെയ്തില്ലെങ്കില്‍ അത്രയ്ക്ക് ആത്മാര്‍ത്ഥമായി ജോലി ചെയ്ത അവരോടു കാണിക്കുന്ന നന്ദികേടാകും എന്നു കരുതിയാണ്….. ഒപ്പം സര്‍ക്കാര്‍ ആശുപത്രികള്‍ അഴിമതിയുടേയും കൈക്കൂലിയുടേയും കൂത്തരങ്ങാണെന്ന ധാരണ ( കുറച്ചൊക്കെ സത്യമാണെങ്കില്‍ പോലും) ജനങ്ങള്‍ക്കിടയില്‍ ഉള്ളപ്പോഴും ഇങ്ങനെയുള്ള ജീവനക്കാരും ഉണ്ട് എന്നോര്‍മ്മിപ്പിക്കാന്‍ കൂടിയാണ്….

‘നന്ദീ……. Dr. അരുണ്‍ദേവ്… Dr. ദീപക്… സ്റ്റാഫ് നേഴ്‌സുമാര്‍…..O.T.യിലേയും വാര്‍ഡിലേയും ജീവനക്കാര്‍…. ഒരായിരം നന്ദി…!’

Related posts