വിദ്യാര്ഥികളുടെ മനസ്സ് അറിഞ്ഞ് പെരുമാറുന്ന ആളായിരിക്കണം ഒരു അധ്യാപിക. അത്തരം ഒരു അധ്യാപികയുടെ കുറിപ്പാണ് ഇപ്പോള് വൈറലാകുന്നത്.ഡിംബിള് റോസ് എന്ന അധ്യാപിക ഫേസ്ബുക്കില് കുറിച്ച വരികളാണ് പലരുടെയും അനുഭവമാണെന്ന് സോഷ്യല് മീഡിയ വിധിയെഴുതിയിരിക്കുന്നത്. ‘എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ’ എന്ന തലക്കെട്ടോടെയാണ് അധ്യാപികയുടെ കുറിപ്പ് തുടങ്ങുന്നത്.
പരീക്ഷാഹാളില് പലപ്പോഴും വിദ്യാര്ത്ഥികള്ക്ക് ആശ്വാസമാകുന്നത് അധ്യാപകര്ക്ക് ചായയുമായി എത്തുന്ന പ്യൂണോ മറ്റുള്ളവരോ ആണ്. ചായവാങ്ങി അധ്യാപകര് ചോദിക്കുന്ന ക്ലീഷേ ചോദ്യം, ആര്ക്കെങ്കിലും ചായവേണോ?, ഡിംബിളും ഇതേ ചോദ്യം ആവര്ത്തിച്ചു. ഭക്ഷണം കഴിക്കാതെയോ കിലോ മീറ്ററുകള് നടന്നോ സ്കൂളിലെത്തുന്ന ഏതേലും വിദ്യാര്ഥി ഒരു ചായയ്ക്ക് വേണ്ടി മോഹിച്ചിരുപ്പുണ്ടോ എന്നറിയാനായിരുന്നു അധ്യാപികയുടെ ആ ചോദ്യം. ചായ വേണോ എന്ന് ചോദിക്കുമ്പോള് പൊതുവെ വേണ്ട ടീച്ചര് എന്ന് പ്രതീക്ഷിച്ചിരുന്ന മറുപടിയല്ല ഡിംബിളിന് ലഭിച്ചത്. ഇതാണ് ഡിംപിളിനെ ഇങ്ങനെയൊരു കുറിപ്പെഴുതാന് പ്രേരിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം:
എന്റെ പിള്ളേരൊക്കെ എന്നാ കിടുവാന്നേ!
എക്സാം ഹോളില് ചായ കൊണ്ട് വരുമ്പോള് എനിക്കാകെ വിഷമമാണ് കുട്ടികളുടെ മുന്നില് വച്ച് കുടിക്കാന്. ചായ കുടിക്കാതിരിക്കാനും പറ്റില്ല.ഞാന് അപ്പോള് കുട്ടികളോട് ചോദിക്കും ആര്ക്കേലും ചായ വേണോ എന്ന്. രണ്ട് കാരണങ്ങള് കൊണ്ടാണ് ചോദിക്കുക.
1) കഴിക്കാതെ വന്ന ആരേലുമുണ്ടെങ്കിലോ ,ചായ കിട്ടിയിരുന്നെങ്കില് എന്ന് തീവ്രമായി ആഗ്രഹിക്കുന്ന ആരേലുമുണ്ടെങ്കിലോ കൊടുക്കാം.
2) കുട്ടികള്ക്ക് കൊടുക്കാതെ കുടിക്കുന്നതിലുള്ള കുറ്റബോധം ഒഴിവാക്കാം.
സാധാരണയായി കുട്ടികള് വേണമെന്ന് പറയില്ല. എന്നാല് കഴിഞ്ഞ ദിവസം ചായവേണോ എന്ന് ചോദിച്ചപ്പോള് ടീച്ചറിന് വേണ്ടെങ്കില് തന്നേക്ക് എന്ന് ഒരു കുട്ടി. എനിക്ക് വേണ്ടാത്തത് കൊണ്ടല്ല നിങ്ങള്ക്ക് വേണോ എന്ന് ചോദിച്ചത് എന്ന് പറഞ്ഞേപ്പോള് അവന് വേണമെന്ന് പറഞ്ഞു. അന്ന് ഞാന് ശരിക്കും മടുത്ത് ക്ഷീണിച്ചിരിക്കുവായിരുന്നെങ്കിലും ചായ അവന് കൊടുത്തു. അടുത്തടുത്തിരുന്ന മൂന്നാല് പേര് ഓരോ സിപ്പെങ്കിലും കുടിച്ചു. ചായ കുടിക്കാതെ തന്നെ എന്റെ ക്ഷീണം മാറുന്ന മാജിക് ഞാന് അനുഭവിച്ചറിഞ്ഞു. (അല്ലെങ്കിലും ഒരു കപ്പ് കോഫിയിലെ സ്നേഹവും സ്നേഹ നിരാസവും എനിക്ക് പണ്ടേ അറിയാം.)
പിറ്റേ ദിവസവും മറ്റൊരു ഹോളില് ചായ ഒരു കുട്ടി ആവശ്യപ്പെട്ടു. അത് കണ്ട് വന്ന ടീച്ചര് ആഹാ ഇവനാണോ ചായ കുടിച്ചത് എന്ന് ചോദിച്ചപോള് മടുത്ത് പോയാരുന്നു ടീച്ചറേ എന്നവന് മറുപടി പറഞ്ഞു. ഇതിന് മുന്പ് ഇതേപോലെ അനുഭവമുണ്ടായത് ഇടുക്കി മുരിക്കാട്ട് കുടി സ്ക്കൂളില് വച്ചാണ്. വളരെ ദൂരം ഭക്ഷണം പോലും കഴിക്കാതെ വന്ന അവന് ചായ അത്രക്ക് അത്യാവശ്യമായിരുന്നു. യാതൊരു സമ്മര്ദ്ദവും ഇല്ലാതെ, കോഫിയൊക്കെ കുടിച്ച് കുട്ടികള് റിലാക്സായി പരീക്ഷയെഴുതുന്ന കിനാശ്ശേരിയാണ് ഞാന് സ്വപ്നം കാണുന്നത്.