കൊച്ചി: ആശുപത്രിയിലാണ് അത്യാവശ്യമായി കാശ് വേണം. അടുത്ത സുഹൃത്ത് ഫേസ്ബുക്കിലൂടെയാണ് പണം ആവശ്യപ്പെടുന്നതെങ്കിൽ അത് നൽകുന്നതിനു മുൻപ് സുഹൃത്തിനെ വിളിച്ച് കാര്യം അന്വേഷിക്കുന്നത് നന്നായിരിക്കും. കാരണം ഇപ്പോൾ ഫേസ്ബുക്കിൽ പണം തട്ടുന്ന വ്യാജൻമാരുടെ വിളയാട്ടമാണ്.
പ്രമുഖരുടെയും അല്ലാത്തവരുടെയുമായ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി അതിൽനിന്ന് മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് ഇത്തരത്തിൽ പണം തട്ടാൻ ശ്രമം നടന്നിരുന്നു.
ഹരീഷ് വാസുദേവൻ തന്നെ തന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ടെന്നു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെയാണ് തട്ടിപ്പ് നടക്കുന്നുണ്ടെന്ന കാര്യം അദേഹത്തിന്റെ സുഹൃത്തുക്കൾ അറിയുന്നത്. വ്യാജനാണെന്ന് അറിയാതെ പണം നല്‍കുന്നവരാണ് പറ്റിക്കപ്പെടുന്നത്.
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ
തട്ടിപ്പുകാർ പ്രമുഖരായ ആരുടെയെങ്കിലും വ്യാജ ഫേസ്ബുക്ക് ഐഡി അവരുടെ പേരിൽ തന്നെ ഉണ്ടാക്കിയ ശേഷം വിശ്വാസ്യതയ്ക്കായി അവരുടെ ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും പ്രൊഫൈൽ ചിത്രവും കവർ ഫോട്ടോയും ഈ ഫേസ് ബുക്ക് ഐഡിയിലേക്ക് ചേർക്കുന്നു.
തുടർന്ന് ഒറിജിനൽ ഐഡിയിലുള്ള എല്ലാ സുഹൃത്തുക്കൾക്കും ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുന്നു. സുഹൃത്തിന്റെ ഫോട്ടോയോട് കൂടിയ ഫേസ്ബുക്ക് ഐഡിയിൽനിന്നാണ് റിക്വസ്റ്റ് വരുന്നത് എന്നതുകൊണ്ടു തന്നെ എല്ലാവരും റിക്വസ്റ്റ് സ്വീകരിക്കുന്നു. ഈ റിക്വസ്റ്റ് സ്വീകരിച്ചവർക്കാണ് പിന്നീട് പണം ആവശ്യപ്പെട്ട് സന്ദേശം എത്തുന്നത്.
പേടിഎം, ഗൂഗിൾ പ്ലേ എന്നിവ വഴിയാണ് പണം ആവശ്യപ്പെടുന്നത്. സുഹൃത്ത് ആണെന്നു കരുതി പലരു ഉടൻ പണം അയക്കുന്നു. ഇപ്പോൾ പണം കൈയിലില്ല എന്നു പറഞ്ഞാൽ തട്ടിപ്പുകാർ ഉടൻ അടുത്ത നന്പർ പുറത്തിറക്കും. കാശിന് അത്യാവശ്യമായതു കൊണ്ടാണ് നാളെ രാവിലെ 11ന് തിരിച്ചു തരാം. ഉള്ളത് തന്നാല്‍ മതിയെന്നും തട്ടിപ്പുകാർ അഭ്യര്‍ഥന നടത്തും.
ഇരയാകുന്നത് പ്രമുഖർ
പ്രമുഖരായ ആളുകളെയാണ് പലപ്പോഴും തട്ടിപ്പുകാർ ഇരകളാക്കുന്നത്. ഡോക്ടർമാർ, വക്കീലൻമാർ, സർക്കാർ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ വ്യാജ ഐഡികൾ നിർമിച്ചായിരിക്കും തട്ടിപ്പ് നടത്തുക.
ഒരു മൊബൈല്‍ നമ്പര്‍ മാത്രം നല്കിയാല് ആധുനിക ആപ്പുകളിലൂടെ പണം സ്വീകരിക്കാമെന്നത് ഇത്തരം സംഘങ്ങള്‍ക്ക് തട്ടിപ്പ് എളുപ്പമാക്കുന്നു. ഫേസ്ബുക്കിലൂടെ ഇരകളെ കിട്ടാനും എളുപ്പം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനം കൂടിയാകുമ്പോള്‍ തട്ടിപ്പ് സജീവം.
ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി പരാതികളാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.
ഫേസ് ബുക്ക് അക്കൗണ്ടുകൾ വഴി പണംതട്ടാൻ ശ്രമിക്കുന്നതായി പരാതി
ചങ്ങനാശേരി: സ്വകാര്യ വ്യക്തികളുടെ ഫേസ് ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നതായി ചങ്ങനാശേരി പോലീസിൽ പരാതി ലഭിച്ചു.
സിപിഎം ചങ്ങനാശേരി ഏരിയ കമ്മറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ പി. എ. നിസാർ, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ, സിഐടിയു സംസ്ഥാന കമ്മറ്റി അംഗം ആർ. എസ്. സതീശൻ എന്നിവരുടെ സ്വകാര്യ അക്കൗണ്ടുകൾ ഹാക്ക് ചെയ്താണ് ഇവരുടെ സുഹൃത്തുക്കളിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 10ന് കൃത്രിമമായി ഉണ്ടാക്കിയ നിസാറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മെസഞ്ചർ വഴി ഇയാളുടെ സുഹൃത്തുക്കൾക്ക് ഹായ് എന്നും ഹലോ എന്നും മെസേജുകൾ അയച്ചു.
സതീശന്റെ വ്യാജ അക്കൗണ്ടിൽ നിന്നും വെള്ളിയാഴ്ച്ച രാവിലെ മുതൽ മെസഞ്ചർ വഴി സുഹൃത്തുക്കൾക്ക് സമാനരീതിയിൽ സന്ദേശം അയച്ചിരുന്നു. രാത്രിയിൽ നിസാറിന്റെ അക്കൗണ്ടിൽ നിന്നും മെസഞ്ചറിലൂടെ അത്യാവശ്യമാണെന്നും ആശുപത്രിയിലാണെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു.
രാത്രി ആയതിനാൽ നേരിട്ട് എത്തിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അക്കൗണ്ടിൽ എത്ര രൂപയുണ്ട് അതിൽ നിന്നും പതിനായിരം രൂപ ഗൂഗിൾപേ വഴി അയച്ചു തരണമെന്ന് സന്ദേശത്തിലൂടെ തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു.
സമാന രീതിയിൽ ചെറുതും വലുതുമായ തുക ചോദിച്ചു കൂടുതൽ സുഹൃത്തുക്കൾക്ക് മെസേജ് ലഭിച്ചതോടെ സുഹൃത്തുക്കൾ നിസാറിനെ ഫോണിൽ വിളിച്ചു. സുഹൃത്തുക്കളുടെ ഫോണ്‍കോളുകൾ എത്തിയതോടെയാണ് നിസാർ വിവരമറിയുന്നത്. താൻ ആർക്കും മെസേജ് അയച്ചിട്ടില്ലെന്നും തന്റെ ഫേസ് ബുക്ക് അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുന്നത് നിസാറിനും സുഹൃത്തുക്കൾക്കും മനസിലായത്. രാത്രിയിൽ തന്നെ നിസാറും സുഹൃത്തുക്കളും ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി. നേരം പുലരുവോളം ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും പണം ചോദിച്ചുകൊണ്ടുള്ള മെസേജുകൾ പോയിരുന്നു. സമാന സംഭവമാണ് സിഐടിയു നേതാവിനും ഉണ്ടായത്. ചങ്ങനാശേരി സെൻട്രൽ യൂണിറ്റിൽ പണിയെടുക്കുന്ന സതീശന്റെ അക്കൗണ്ടിൽ പണം ആവശ്യപ്പെട്ടുകൊണ്ട് സമാന രീതിയിൽ എത്തി. നേരത്തെ ഹാക്ക് ചെയ്യപ്പെട്ട നിസാറിന്റെ അക്കൗണ്ടിൽ നിന്നും സതീശനും മെസേജ് ചെന്നിരുന്നതിനാൽ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചതിനാൽ പണം നഷ്ടപ്പെട്ടില്ല. ഇരുവരുടെയും ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഡിലീറ്റ് ചെയയ്ുവാനോ പാസ് വേഡ് മാറ്റുവാനോ കഴിയാത്ത സ്ഥിതിയാണുള്ളത്. തങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആരും ചതിയിൽ വീഴരുകതെന്നും ഇരുവരും പറഞ്ഞു. സമാന രീതിയിലുള്ള കേസുകൾ വേറെയുണ്ടെന്നും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.