ചെർപ്പുളശേരി: സാമൂഹ്യമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്നും സ്വർണം കൈക്കലാക്കി തിരിച്ച് നൽകാതെ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ.തച്ചന്പാറ സ്വദേശികളായ മാച്ചാംതോട് ഷബീർ (32), കാനത്തറ അഖിൽ (28) എന്നിവരെയാണ് ചെർപ്പുളശേരി പോലീസ് അറസ്റ്റ് ചെയ്തത്.
നെല്ലായയിലുള്ള യുവതിയിൽ നിന്നും ആശുപത്രി ആവശ്യത്തിന് അടിയന്തിരമായി ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് മൂന്നര പവൻ സ്വർണാഭരണങ്ങൾ വാങ്ങി തച്ചന്പാറയിലുള്ള സഹകരണ ബാങ്കിൽ പണയംവയ്ക്കുകയും ചെയ്തു.
തുടർന്ന് യുവതി അറിയാതെ ബാങ്കിൽ നിന്ന് സ്വർണാഭരണമെടുത്ത് ഷബീർ വിൽക്കുകയായിരുന്നുവത്രെ.സാമൂഹ്യ മാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ചാണ് തച്ചന്പാറ സ്വദേശിയായ അഖിൽ യുവതിയെ പരിചയപ്പെടുന്നത്.
തുടർന്ന് അഖിൽ സുഹൃത്തായ ഷബീറുമൊത്ത് ചെർപ്പുളശ്ശേരിയിൽ വന്ന് യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പോവുകയായിരുന്നു.
യുവതി പലതവണ ആവശ്യപ്പെട്ടിട്ടും സ്വർണാഭരണങ്ങൾ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സ്വർണം വിറ്റ ജ്വല്ലറികളിൽ പോയി തെളിവെടുപ്പ് നടത്തി. പ്രതികളെ ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തു.