ഏതാനും ദിവസങ്ങളായി ഫേസ്ബുക്കിലെ പ്രമുഖ പേജുകള്‍ ഉള്‍പ്പെടെയുള്ളവയിലെ കമന്റ് ബോക്സുകളില്‍ കണ്ടു വരുന്ന ഒരു കമന്റാണ് കരിങ്കോഴി കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ട് എന്ന ഫ്ളക്സ് ബോര്‍ഡ് പരസ്യം. പരസ്യവുമായി ഒരു ബന്ധവുമില്ലാത്ത പേജുകളിലും പോസ്റ്റുകളിലും പോലും ഈ പരസ്യമാണ് ആളുകള്‍ ചറപറ പോസ്റ്റുന്നത്. കാര്യമെന്തെന്ന് പോലും അറിയാതെ ആളുകള്‍ ഇതില്‍ രസം കണ്ടെത്തുകയാണ്. ഇതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
അബ്ദുല്‍ കരീം സ്വദേശമായ മണ്ണാര്‍ക്കാട് തച്ചനാട്ടുകരക്കടുത്ത് തന്റെ കരിങ്കോഴി വില്‍പ്പന നടത്തുന്ന കടയുടെ സമീപം സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സുഹ്യത്തുക്കളായ രണ്ട് പേര്‍ക്ക് ഈ ഫോട്ടോ കമന്റായി കൊടുത്തത് തൊട്ടാണ് സംഗതി വൈറലാകുന്നത്.
പിന്നീട് ഈ ഒരു പരസ്യമാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ട്രോളന്മാര് ട്രോളാന്‍ ഉപയോഗിക്കുന്നതെന്ന് കരീം പറയുന്നു. മണ്ണാര്‍ക്കാട് സ്വന്തമായ കടയില്‍ വില്‍പ്പന നടത്തുന്ന കരിങ്കോഴികള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് കരീം പറയുന്നു. ഇപ്പോഴത്തെ ട്രോളിലൂടെ ശരിക്കും ആളറിയാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളിച്ച് തെറി പറയുകയാണെന്നാണ് കരീം പരാതി പറയുന്നത്.
‘ആളുകള്‍ രാവിലെ തൊട്ട് നിര്‍ത്താതെ ഫോണ്‍ വിളിക്കുകയാണ്, എടുത്താല്‍ വെറുതെ തെറി പറയും. കുറച്ച് പേര് മാത്രമാണ് ആവശ്യക്കാരായ കച്ചവടക്കാരായുള്ളു, അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്’. കരിം പറയുന്നു.
കരിങ്കോഴി വില്‍പ്പനക്ക് അല്ലാതെ സത്യാവസ്ഥ അറിയാനായിട്ടും നിരവധി പേര് ദിവസവും വിളിക്കുന്നുണ്ടെന്നും കരീം പറയുന്നു. ഇന്നൊരു ദിവസം മൂന്ന് പേര് മാത്രമാണ് കച്ചവടത്തിനായി വിളിച്ചതെന്നും ഭൂരിഭാഗം പേരും തെറിവിളിക്കാനായാണ് വിളിക്കുന്നതെന്നും കരിം പറയുന്നു.
പടിഞ്ഞാറന്‍ മധ്യപ്രദേശിലെ പ്രാദേശിക ബ്രീഡായ കരിങ്കോഴികള്‍ക്ക് ആയുര്‍വേദത്തിലും മറ്റു ഔഷധ ഗുണങ്ങളുണ്ടെന്നാണ് അവകാശവാദം. സാധാരണ കോഴികളില്‍ നിന്നും വിഭിന്നമായി കരിങ്കോഴിയുടെ ഇറച്ചി കറുത്ത നിറത്തിലുള്ളതാണെന്ന് മാത്രമല്ല വളരെയധികം പ്രോട്ടീന്‍ നിറഞ്ഞതും കുറഞ്ഞ കൊഴുപ്പടങ്ങിയതുമാണ്.
ആരും ഇനിയും ആവശ്യമില്ലാതെ വിളിക്കേണ്ട കാര്യമില്ലെന്നാണ് കരീമിന് ആവശ്യപ്പെടാനുള്ളത്. ആവശ്യക്കാരായ ആളുകള്‍ മാത്രം നിങ്ങള്‍ ഇത് വരെ കണ്ട നമ്പറില്‍ വിളിച്ചാല്‍ അത് തനിക്ക് വളരെയധികം ഉപകാരമാകുമെന്നും കരീം പറയുന്നു. കരിങ്കോഴി വില്ക്കാനുണ്ടെന്നത് ട്രോളാണെന്ന് വിചാരിച്ച് അതുപോലെ തന്നെ, തമാശയ്ക്കായി ജിറാഫിനെ വില്‍ക്കാനുണ്ട്, ആനക്കുട്ടിയെ വില്‍ക്കാനുണ്ട്, രാജവെമ്പാലയെ വില്‍ക്കാനുണ്ട് തുടങ്ങിയ ട്രോളുകളുമായി നിരവധി പേര് ഫേസ്ബുക്ക് കമന്റുകളില്‍ എത്തുന്നുണ്ട്. അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ശല്യം കൂടുതല്‍.