റോബിൻ ജോർജ്
ആധുനിക ലോകത്തിൽ യുവാക്കൾ ലഹരി കണ്ടെത്തുന്നതു സൈബർ ലോകത്തിലാണ്. സൈബർ കുറ്റകൃത്യങ്ങളുടെ നിരക്ക് ദിനംപ്രതി വർധിക്കുന്പോൾ ഇതിന് ഇരകളാകുന്നവരാകട്ടെ കൂടുതലും സ്ത്രീകളും. മൊബൈലും ഇന്റർനെറ്റും ലഭിച്ചാൽ എന്തുമാകാമെന്ന രീതിയിലാണ് ആധുനിക സമൂഹത്തിന്റെ പോക്ക്. നേർക്കുനേർ പോർവിളിയൊക്കെ പണ്ടായിരുന്നു. തനിക്കു വിദ്വേഷമുള്ളവർക്കുനേരേ ഏതു വിധേനയും സൈബർ ആക്രമണം നടത്താമെന്ന ചിന്തയിലാണു നിലവിൽ പലരും.
ആധുനിക യുഗത്തിൽ ഇന്റർനെറ്റിന്റെ സഹായത്തോടെയുള്ള ആശയ വിനിമയം കൂടുതൽ നടക്കുന്നതു സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കും വാട്സ് ആപ്പും ട്വിറ്ററിലൂടെയുമൊക്കെയാണ്. പുതിയ വാർത്തകൾ നിർമിക്കപ്പെടുന്നതിനും കിംവദന്തികൾ പടർന്നു പിടിക്കുന്നതിനും പരസ്പരം കലഹിക്കുന്നതിനും വിവാദങ്ങൾ സൃഷ്ടിക്കുന്ന തിനുമൊക്കെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളുപയോഗിച്ചു മറ്റൊരു വ്യക്തിക്കു സന്ദേശങ്ങളയച്ചും അശ്ലീല ചിത്രങ്ങളെടുത്തുമൊക്കെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ഇന്നു നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
നിരവധി മേന്മകൾ നിലനിൽക്കുന്പോൾ തന്നെ പരസ്പരം കലഹിക്കാനും വേദനിപ്പിക്കാനുമൊക്കെയുള്ള ശക്തിയുണ്ട് ഇത്തരം മാധ്യമങ്ങൾക്ക് എന്ന കാര്യത്തിൽ തർക്കമില്ല. ഒരാളെ സമൂഹത്തിനു മുന്നിൽ അപഹാസ്യനാക്കാനും തളർത്താനും സാമൂഹ്യ മാധ്യമങ്ങൾക്കു സാധിക്കുന്നു.
ജീവിത സാഹചര്യങ്ങളിൽ വലയുന്നവരെ സഹായിക്കാനും ഇതേ മാധ്യമങ്ങൾക്കു സാധിക്കുന്നുവെന്നതു വിസ്മരിക്കുന്നില്ലെങ്കിലും സൈബർ ആക്രമണത്തിലൂടെ അപഹാസ്യരാകുന്നതു നിരവധിപേരാണ്. നടി പാർവതിക്കുനേരേ എത്തിയ ട്രോളുകൾ ഇതിന് ഉദാഹരണമായി നമുക്കു മുന്നിലുണ്ട്.
എതിരാളികളെ തെരഞ്ഞുപിടിച്ച്
എതിരാളികളെ തെരഞ്ഞു പിടിച്ചു വ്യക്തിഹത്യ നടത്താനും സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനുമൊക്കെ ഇന്നു സാമൂഹ്യ മാധ്യമങ്ങൾ കാര്യമായി ഉപയോഗിക്കപ്പെടുന്നു. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനുമുള്ള സൂത്രപ്പണികളൊക്കെ കൃത്യമായി അറിയാവുന്ന തന്ത്രശാലികളായ ഒരു സംഘം തന്നെ പലപ്പോഴും ഇത്തരം ജോലികൾക്കു നിയമിക്കപ്പെടാറുണ്ടെന്നതാണു സത്യം.
അറിഞ്ഞുകൊണ്ടു മറ്റൊരാളെ സമൂഹത്തിൽ മോശക്കാരാക്കുകയാണെന്ന തിരിച്ചറിവ് ഇവരിൽ ഏറെപേർക്കുണ്ടെങ്കിലും വകതിരിവ് ലവലേശം ഇല്ലെന്നുമാത്രം. കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങൾ സൈബർ യുദ്ധങ്ങളുടെ കേന്ദ്രങ്ങളാണ്.
ഒരു മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ എവിടെയിരുന്നും യുദ്ധമാകാമെന്നതാണു സ്ഥിതി. ഇന്റർനെറ്റോ മൊബൈൽ ഫോണോ ഇല്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാൻ പറ്റാത്ത അവസ്ഥയിലേക്കു നാം എത്തിയിരിക്കുന്നു. നല്ലൊരു ശതമാനം ആശയ വിനിമയവും ഇത്തരം മാധ്യമങ്ങളെ അശ്രയിച്ചുമിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആശയ വിനിമയം ഇന്നു വളരെയധികം വർധിച്ചുകഴിഞ്ഞു. അതിനനുസരിച്ച് സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ പല രൂപത്തിലും ഭാവത്തിലും ഏറിവരുന്ന ഒരു കാലഘട്ടത്തിലാണു നാം ഇന്നു ജീവിക്കുന്നതും. എതിരാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രവണത സമൂഹത്തിൽ ഏറിവരുന്നുണ്ട്.
പണ്ടൊക്കെ നേരിട്ടുള്ള ആക്രമണമായിരുന്നു നടന്നിരുന്നതെങ്കിൽ ഇന്നു ഒളിയന്പുകളാണ് ഏൽക്കുന്നത്. ഇതിൽ കുറേയൊക്കെ തമാശ രൂപേണ സ്വീകാര്യമാണെങ്കിലും വ്യക്തിജീവിതത്തിലേക്കും സ്വകാര്യതയിലേക്കും കടക്കുന്നതാണു വിഷയങ്ങൾക്കു കാരണം. ഒരാളുടെ ജീവിതം തകർക്കാൻ ഇത്തരം ആക്രമണങ്ങൾക്കു സാധിക്കുന്നു. ഇതെല്ലാം കുറ്റകൃത്യങ്ങളാണെങ്കിലും ദിനവും ഈ ആക്രമണം വർധിച്ചുവരുന്നതായാണു കാണാൻ കഴിയുക.
സൈബർമേഖല അഥവാ ക്രിമിനൽ മേഖല
സൈബർമേഖല എന്നാൽ ക്രിമിനൽ മേഖല എന്നായി മാറുകയാണ്. അതും വെറും ക്രിമിനൽ മേഖലയല്ല, കൊടും ക്രിമിനൽ മേഖല. സൈബർ വലയിൽ കുടുങ്ങുന്നവരിൽ നല്ലൊരു ശതമാനവും സ്ത്രീകളാണ്. സൈബർ മേഖലവഴി സ്വത്ത് തട്ടിപ്പ്, അഴിമതി, പെണ്വാണിഭം ഇവയ്ക്കെല്ലാം ചടുലമായ വളർച്ചയാണ്. സ്ത്രീകൾക്ക് ഇതിന്റെ ആഴമോ ഭീഷണികളോ തിരിച്ചറിയാനാവാത്തതാണ് ഇവർ കുടുങ്ങുവാൻ കാരണം. സൈബർ കുറ്റങ്ങളുടെ വളർച്ചയാകട്ടെ ആഗോള കുറ്റകൃത്യങ്ങളുടെ 35 ശതമാനത്തിലേറെയെന്നാണു കണക്ക്.
ഒരു മിനിട്ടിൽ നൂറ്റി അന്പതോളം ഇരകളെയാണു സൈബർ ക്രൈം മേഖലയ്ക്കു ലഭിക്കുന്നത്. പ്രധാനമായ ഒരു വസ്തുത സൈബർ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ്. ഏതെങ്കിലും സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്താൽ മറ്റൊരു വ്യക്തിയെ മെസേജുകളിലൂടെയോ മറ്റെതെങ്കിലും വിധേനയോ അയാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ വഴി ഉപദ്രവിക്കാൻ ശ്രമിക്കുന്ന പ്രവൃത്തിയെ “സൈബർ ബുള്ളി യിംഗ്’ എന്നാണ് പറയുക.
ഒരു വ്യക്തിയെ പ്രത്യേക ഉദ്ദേശ്യത്തോടു കൂടി ഏതെങ്കിലും ഗ്രൂപ്പിൽനിന്ന് ഒറ്റപ്പെടുത്തി മാറ്റി നിർത്തുക, വ്യക്തിയെ വേദനിപ്പിക്കുന്ന തരത്തിലോ ഭീഷണിപ്പെടുത്തുന്ന തരത്തിലോ ഉള്ള സന്ദേശങ്ങളയയ്ക്കുക, അനാവശ്യമായ മെസേജുകൾ മറ്റൊരാളുടെ പേജിൽ ടാഗ് ചെയ്യുക, മറ്റൊരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തുകൊണ്ടു ദുരുപയോഗം ചെയ്യുക, മറ്റൊരാളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ വളരെ ആക്രമണ സ്വഭാവമുള്ള സന്ദേശങ്ങളയച്ചുകൊണ്ടേയിരിക്കുക, അതുപോലെ തന്നെ ഒന്നിലധികം പ്രൊഫൈലുകളുപയോഗിച്ചും മറ്റും പലരോടുമായി സംവദിക്കുകയും വ്യക്തി ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ടു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന തരത്തിലുള്ള പ്രവണതയും ലൈംഗിക പീഡനങ്ങളുമൊക്കെ സർവസാധാരണമായിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ സമൂഹത്തിന്റെ വിവിധതലങ്ങളിൽനിന്നു ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും തുടർ നടപടികൾ നന്നേ കുറവാണെന്നതാണു വസ്തുത.
മാന്യമായ സൈബർ പെരുമാറ്റം
സൈബർ ലോകത്തെ പരസ്പര പ്രവർത്തനത്തിനിടയിൽ നമ്മൾ പാലിക്കാനുള്ള ചില മര്യാദകളും കടമകളും നിയമപരമായ ബാധ്യതകളുമുണ്ട്. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ ഉപയോഗിച്ചു പഠനം നടത്തുന്ന രീതിയിലേക്കു വിദ്യാർഥികൾക്കു മാറാൻ കഴിയണം. സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഫലപ്രദമായി ഉപയോഗിച്ച് പഠിക്കാൻ അധ്യാപകരും രക്ഷാകർത്താക്കളും വഴികാട്ടികളാകേണ്ടതുണ്ട്.
ഓരോ ദിവസവും അറിവുകൾ മാറി വരുന്നു. എന്നാൽ പാഠപുസ്തകത്തിലെ അറിവുകൾ എളുപ്പം മാറുന്നില്ല. സഹവർത്തിത്വ പഠനത്തിന്റെ പുതിയ മേഖലകൾ സോഷ്യൽ മീഡിയ തുറന്നു തരുന്നു. ഓരോ കുട്ടിയും സൈബർ ലോകത്ത് സാമൂഹ്യവൽക്കരിക്കപ്പെടേണ്ടതുണ്ട്.
വികസിത രാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗത്താൽ വിദ്യാഭ്യാസം ആധുനികവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെപ്പറ്റി നമ്മുടെ അവബോധം അത്ര മികച്ചതല്ല. സോഷ്യൽ മീഡിയയും ഇന്റർനെറ്റും കുട്ടികളെ പഠനത്തിൽ താല്പര്യം കുറയ്ക്കും, സ്വഭാവം മോശമാകും എന്നൊക്കെയുള്ള ചിന്തകളാണു നമുക്കുള്ളത്.
യഥാർഥത്തിൽ പ്രായോഗിക തലത്തിൽനിന്നുകൊണ്ടു വേണം നമ്മൾ ഇക്കാര്യത്തെ സമീപിക്കാൻ. അപകടം ഉണ്ടാകുമെന്നു കരുതി ഒരാളും റോഡിലൂടെ നടക്കാതിരിക്കുന്നില്ല, വാഹനം ഒാടിക്കാതിരിക്കുന്നില്ല, ശ്രദ്ധയോടെ ചെയ്താൽ അപകടം ഒഴിവാക്കാൻ കഴിയുമെന്ന ബോധമാണു രൂപപ്പെടുത്തേണ്ടത്.
സൈബർ ഇടപെടലുകൾ നടത്തുന്പോഴും ഇതുപോലുള്ള ബോധം രൂപപ്പെടേണ്ടതുണ്ട്. കുറ്റവാസനയുള്ളവർ ആധുനിക ടെക്നോളജി ദുരുപയോഗം ചെയ്യും. തങ്ങൾ ചെയ്യുന്നതു കുറ്റകൃത്യമാണെന്നറിയാതെ പലരും കുറ്റം ചെയ്യാനിടയുണ്ട്. ഒരു രാജ്യത്തിരുന്നുകൊണ്ടു മറ്റൊരു രാജ്യത്ത് കുറ്റകൃത്യത്തിലേർപ്പെടാൻ കഴിയും. ഓരോ രാജ്യത്തിലെയും സൈബർ നിയമങ്ങളിൽ വ്യത്യാസമുണ്ട്. സൈബർ നിയമങ്ങളെ കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്നുണ്ട്. മാന്യമായ സൈബർ പെരുമാറ്റമില്ലെങ്കിൽ ഒരാളുടെ ജോലിതന്നെ നഷ്ടപ്പെടാം.
ജാഗ്രതൈ, പിന്നിൽ കണ്ണുണ്ട്
സൈബർ ലോകത്തുള്ള ഓരോ പ്രവർത്തനവും ഏവരും സൂക്ഷിച്ചു ചെയ്യേണ്ടതാണ്. നമ്മുടെ ഇടപെടലുകളും പ്രവർത്തനങ്ങളും ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇ-മെയിലിലും ഇന്റർനെറ്റിലുമൊക്കെ നിഗൂഢമായി അവശേഷിക്കപ്പെടുന്നതാണ്. അതെല്ലാം കർക്കശമായ സൈബർ നിയമങ്ങളുടെ നിഷേധിക്കാനാകാത്ത തെളിവുകൾ ആയി മാറുകയും ചെയ്യുന്നു. സംശയം തോന്നുന്നവരുടെ ഓണ്ലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള നിയമ പരിരക്ഷ അന്വേഷണ ഏജൻസികൾക്കുണ്ട്.
സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെ ഫോണ്കോളുകളും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ആധുനിക ലോകത്ത് നാം ഒരോരുത്തരും കൂടുതൽ സുതാര്യമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സൈബർ ലോകത്ത് വളരെ സൗകര്യപ്രദമായ ഒരു ഇരിപ്പിടം എല്ലാ വ്യക്തികൾക്കും ലഭിക്കുന്നുണ്ട്.
എന്നാൽ, ഇവ നന്നായി ഉപയോഗിക്കണമെന്നുമാത്രം. എന്തുകൊണ്ടാണ് ആളുകൾ മറ്റുള്ളവരെ സൈബർ മാർഗത്തിലൂടെ അക്രമിക്കുന്നതെന്നും ഏതു തരം വ്യക്തിത്വമുള്ളവരാണ് ഇത്തരം പെരുമാറ്റങ്ങളിലേക്കു വഴി തിരിയുന്നതെന്നുമുള്ള തരത്തിലുള്ള മനഃശാസ്ത്ര പഠനങ്ങൾ കുറവാണ്.
സ്വന്തം ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും മാത്രം പ്രാധാന്യം കൊടുക്കുകയും ആത്മാർഥതയുള്ള വ്യക്തിബന്ധങ്ങൾക്കുമപ്പുറം പണത്തിനും അധികാരത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നവരാണ് സൈബർ ആക്രമണത്തിനു പിന്നിലുള്ള ഒരു വിഭാഗം.
പൊതുവേ മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്കാകർഷിക്കുവാൻ പ്രാപ്തിയുള്ളവരും അതിൽ ആത്മവിശ്വാസമുള്ളവരുമാണിത്തരക്കാർ. എന്നാൽ ആരോടും അത്ര വൈകാരികമായ അടുപ്പം കാത്തുസൂക്ഷിക്കാൻ ഇവർക്കു സാധിക്കുകയുമില്ല. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി വസ്തുതകൾ വളച്ചൊടിക്കുന്നവരും കാര്യമായി നുണകൾ നെയ്തെടുക്കുന്നവരുമാണിവർ. സൈബർ മേഖല സ്ത്രീകൾക്കാണു കൂടുതൽ അപകടകരമെന്ന തിരിച്ചറിവ് പെണ്കുട്ടികൾക്കും അമ്മമാർക്കും നൽകേണ്ടതാണ്. ചൂഷണാത്മകമായ വശങ്ങൾക്കെതിരേ എപ്പോഴും ജാഗ്രത പുലർത്തണം.