ആലപ്പുഴ: എച്ച്.സലാം എംഎൽഎ യുടെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധിച്ചാണ് സലാം ഫേസ് ബുക്കിലൂടെ പ്രകോപനപരമായ രീതിയിൽ പോസ്റ്റിട്ടത്.
വി ഡി സതീശനും കെ സുധാകരനുമെതിരായി പ്രകോപനപരമായ പരാമർശമാണ് സലാം എം എൽ എ നടത്തിയത്.
സതീശനും സുധാകരനും തെരുവിൽ ഞങ്ങളുടെ കൈക്കരുത്ത് അറിയരുത്. അതിര് കടന്നാൽ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ചിന്തിച്ചാൽ നന്ന്.
സുധാകരന്റെയും വിഡി സതീശന്റെയും സുരക്ഷ സി പി എം ഏറ്റെടുത്താൽ തീക്കളിയാകും.
ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുമെന്ന് കരുതേണ്ട. മുഖ്യമന്ത്രിക്കെതിരായുള്ള കോൺഗ്രസ് നീക്കം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നുമായിരുന്നു എംഎൽഎയുടെ പരാമർശം.
അക്രമങ്ങൾ നിയന്ത്രിക്കാനും ഒഴിവാക്കാനും മുൻ കൈയെടുക്കേണ്ട എം.എൽ.എ ഈ രീതിയിൽ പ്രകോപനപരമായും അക്രമത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന രീതിയിൽ പരാമർശം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയായിൽ ഉയരുന്നത്.