കാസര്‍ഗോഡ്: ഫേസ്ബുക്ക് ചാറ്റിംഗില്‍ പരിചയപ്പെട്ട സുന്ദരിയായ കാമുകിയെ കാണാനാണ് ഈ പെരുമഴക്കാലത്തും ബൈക്കിൽ യുവാവ് വച്ചുപിടിച്ചത്. അതും തൃശൂരില്‍നിന്നു കാസർഗോഡ്് ബേക്കലിലേക്ക്. ഇത്രയും കഷ്ടപ്പാടു സഹിച്ചെത്തിയ കാമുകനു കാശും പോയി, നാണക്കേടും നിരാശയും ബാക്കി.
സുന്ദരിയായ യുവതിയാണെന്ന പേരില്‍ ഇത്രയും കാലം തന്നോടു ചാറ്റിയത് 50 കഴിഞ്ഞ മധ്യവയസ്കയാണെന്നറിഞ്ഞു കലി കയറിയ കാമുകന് ഒടുവിൽ ഇവര്‍ക്കു നേരെ കത്തി വീശി.
ആദ്യ കൂടിക്കാഴ്ചതന്നെ കത്തിക്കുത്തിലേക്കും ബഹളത്തിലേക്കും നീങ്ങിയതോടെ നാട്ടുകാര്‍ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ് കമിതാക്കളെ കസ്റ്റഡിയിലെടുത്തതോടെയാണു കഥയുടെ ചുരുളഴിഞ്ഞത്.
തൃശൂര്‍ സ്വദേശിയായ യുവാവും സുഹൃത്തുമാണ് ബൈക്കില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കല്‍ കോട്ടയുടെ പരിസരത്തെത്തിയത്. അല്പനേരം കഴിഞ്ഞപ്പോള്‍ ഉപ്പള സ്വദേശിനിയായ 50കാരി ബുര്‍ഖയിട്ടെത്തി.
മുഖം ഒന്നു കാണിക്കാൻ കാമുകന് ഏറെ നിര്‍ബന്ധിച്ചെങ്കിലും കാമുകി മുഖപടം നീക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാമുകി തന്നെ കബളിപ്പിച്ചതാണെന്ന് ഉറപ്പായതോടെ ഫേസ്ബുക്ക് ചാറ്റംഗിനിടെ പലപ്പോഴായി ഗുഗിള്‍ പേ വഴി അയച്ചുകൊടുത്ത അരലക്ഷത്തോളം രൂപ മടക്കി കിട്ടണമെന്നായി 24കാരനായ കാമുകന്.
പണം തിരിച്ചു നല്‍കില്ലെന്നതായതോടെ കാമുകന് ബൈക്കിന്റെ ബാഗില്‍ സൂക്ഷിച്ച കത്തി പുറത്തെടുത്തു വീശിയതോടെ വീട്ടമ്മ ഭയന്നു നിലവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ഓടിക്കൂടി യുവാവിനെയും സുഹൃത്തിനെയും തടഞ്ഞു വച്ചു പോലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ വാങ്ങിയ 50,000 രൂപയില്‍ 25,000 രൂപ വീട്ടമ്മ കാമുകനു തിരിച്ചുനല്‍കി.കോവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതുസ്ഥലത്തു പ്രകോപനം ഉണ്ടാക്കിയതിനും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ചു തൃശൂരിലെ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കാമുകിക്കു നല്‍കാനായി യുവാവ് കൊണ്ടുവന്നിരുന്ന സമ്മാനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചാണ് യുവാക്കള്‍ മടങ്ങിയത്. വഞ്ചനാകുറ്റത്തിന് ഇവര്‍ പരാതി നല്കുകയാണെങ്കില് വീട്ടമ്മയ്ക്കെതിരെയും കേസെടുക്കുമെന്നു ബേക്കല്‍ പോലീസ് അറിയിച്ചു.