വടകര: മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ ചെയ്തയാളെ സിപിഎം നേതൃത്വം നല്കുന്ന സ്ഥാപനത്തില്‍നിന്ന് പുറത്താക്കി. വടകര ജെ.ടി റോഡിലെ എന്‍എംഡിസി ഓയില്‍ മില്ലിലെ (കോപ്പോള്‍ ) ജനറല്‍ വര്‍ക്കര്‍ ചെരണ്ടത്തൂരിലെ എം.നസീറിനെയാണ് പുറത്താക്കിയത്.
മിനിമം വേതനം നടപ്പാക്കുന്നത് സംബന്ധിച്ച യോഗം ചേര്‍ന്നതായുള്ള മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സിഐടിയു പ്രവര്‍ത്തകനായ നസീര്‍ എന്എംഡിസിയിലും മിനിമം വേതനം നടപ്പിലാക്കണം സഖാവെ എന്ന് കമന്റിട്ടത്. ഇതേതുടര്‍ന്നാണ് സ്ഥാപനത്തില്‍നിന്നും നസീറിനെ പുറത്താക്കിയത്.
കോപ്പോളില്‍ മിനിമം വേതനം നടപ്പാക്കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം നടപടി തെറ്റാണെന്നും പറഞ്ഞുകൊണ്ടാണ് സ്ഥാപനം നടപടിയെടുത്തത്. കൂടാതെ യൂനിഫോം ധരിക്കാതെ ജോലിക്ക് എത്തിയെന്ന ആരോപണവും നസീറിനെതിരെയുണ്ട്.
അതേസമയം നസീറിനെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് അറിയിച്ച് സിഐടിയു പ്രതിഷേധിച്ചു. തൊഴിലാളികള്‍ നടത്തിയ പ്രകടനത്തിന് സിഐടിയു യൂനിറ്റ് സെക്രട്ടറി മനോജ്, പ്രസിഡന്റ് ഹരിദാസന് എന്നിവര്‍ നേതൃത്വം നല്കി.