ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഇന്ത്യാക്കാരനും

ന്യൂയോര്‍ക്ക്: മെരിലാന്‍ഡിലെ ഡങ്കിന്‍ ഡോണട്ട്സില്‍ ഭാര്യ പലക് പട്ടേലിനെ കൊലപ്പെടുത്തിയ കേസില്‍ എഫ്ബിഐ അന്വേഷിക്കുന്ന 29 കാരനായ ഭദ്രേഷ്കുമാര്‍ പട്ടേല്‍ ഇപ്പോഴും എഫ്ബിഐയുടെ പത്ത് പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ തുടരുന്നു.

2015 ലായിരുന്നു സംഭവം. ഇന്ത്യയിലെ ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ്കുമാര്‍ ചേതന്‍ ഭായ് പട്ടേല്‍ 21 കാരിയായ ഭാര്യ പലക് പട്ടേലിനൊപ്പം മെരിലാന്‍ഡിലെ ഹാനോവറിലുള്ള പട്ടേലിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ഒരു ഡോണട്ട് ഷോപ്പില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് എഫ്ബിഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

2015 ഏപ്രില്‍ 12 അര്‍ധരാത്രിക്കു തൊട്ടുമുമ്പ്, ഉപഭോക്താക്കള്‍ കടയുടെ മുന്പില്‍ നില്‍ക്കുമ്പോഴാണ് പട്ടേല്‍ തന്‍റെ ഭാര്യ പാലക് പട്ടേലിനെ കടയുടെ പിന്‍ഭാഗത്തുവച്ചു പലതവണ കുത്തി കൊലപ്പെടുത്തിയത്.

പലക് പട്ടേല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പലകിന്‍റെ വീസ കാലാവധി ഒരു മാസം മുന്‍പ് കാലഹരണപ്പെട്ടതായിരുന്നു കാരണം. എന്നാല്‍ ഭര്‍ത്താവ് ഭദ്രേഷ്കുമാര്‍ ഇതിനെ എതിരായിരുന്നു.

‘അവള്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ അവന്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ചെയ്താല്‍ അവന്‍ അപമാനിക്കപ്പെടുമെന്ന് കരുതിയിരിക്കാം,’ എഫ്ബിഐയുടെ ബാള്‍ട്ടിമോര്‍ ഡിവിഷനില്‍ നിന്ന് കേസ് അന്വേഷിക്കുന്ന സ്പെഷല്‍ ഏജന്‍റ് ജോനാഥന്‍ ഷാഫര്‍ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും, പട്ടേല്‍ കൊലപാതകം ആസൂത്രണം ചെയ്തിരുന്നോ എന്നറിയാന്‍ ഒരു മാര്‍ഗവുമില്ലെങ്കിലും കുറ്റകൃത്യത്തിനുശേഷം അയാളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും പ്രദേശത്തു നിന്ന് പലായനം ചെയ്യാനും അയാള്‍ മുന്‍‌കൂട്ടി പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതായി തോന്നുന്നുണ്ട് എന്ന് ഷാഫര്‍ അഭിപ്രായപ്പെട്ടു.

കൊലപാതകത്തിനുശേഷം, കടയില്‍ പ്രവേശിച്ച ഒരു ഉപഭോക്താവിന് തന്‍റെ ഓര്‍ഡര്‍ എടുക്കാന്‍ ആരും വരാത്തതുകണ്ടപ്പോള്‍ എന്തോ പന്തികേടു തോന്നി സമീപത്തെ ആന്‍ അരുണ്‍ഡെല്‍ കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചതനുസരിച്ച് പോലീസ് നടത്തി അന്വേഷണത്തിലാണ് സ്ഥാപനത്തിന്‍റെ പുറകുവശത്ത് പലകിന്‍റെ മൃതദേഹം കണ്ടെത്തിയത്. ‘വളരെ ക്രൂരവും ഭയാനകവുമാണ് അയാള്‍ ആ യുവതിയോട് ചെയ്തത്’-ഷാഫര്‍ പറഞ്ഞു.

പട്ടേല്‍ ഒളിച്ചോടി പോകാന്‍ സാധ്യതയുളള ആള്‍ ആണെന്ന് മനസിലാക്കിയ ലോക്കല്‍ പോലീസ് എഫ്ബിഐയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. അതനുസരിച്ച് കൊലപാതകം കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഇയാൾക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തുകയും ചെയ്തു.

പട്ടേല്‍ അമേരിക്കയില്‍ തന്നെ പലയിടങ്ങളിലുമുള്ള ബന്ധുക്കളോടൊപ്പമുണ്ടാകാം അല്ലെങ്കില്‍ കാനഡയിലേക്ക് കടന്നുകളഞ്ഞതാകാനും സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. അതുമല്ലെങ്കില്‍ കാനഡയിലൂടെ ഇന്ത്യയിലേക്ക് രക്ഷപെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഏതായാലും ഞങ്ങളുടെ അന്വേഷണം എല്ലാ വഴിക്കും നീങ്ങുന്നുണ്ട്,’ – ഷാഫര്‍ പറഞ്ഞു.

പട്ടേലിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പട്ടേലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുകയോ അല്ലെങ്കില്‍ ഇതിനകം എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ മുന്നോട്ട് വരാന്‍ വിമുഖത കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഈ തുക പ്രോത്സാഹിപ്പിക്കപ്പെടും,’- അദ്ദേഹം കൂട്ടിചേർത്തു.

സായുധനും അപകടകാരിയുമായി കണക്കാക്കേണ്ട പട്ടേലിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ആ വിവരം നിങ്ങളുടെ പ്രാദേശിക എഫ്ബിഐ ഓഫീസിലോ അടുത്തുള്ള യുഎസ് എംബസിയിലോ കോണ്‍സുലേറ്റിലോ അറിയിക്കണം. അതുമല്ലെങ്കില്‍ എഫ്ബിഎയെുടെ വെബ്സൈറ്റില്‍ ഒരു സൂചന നല്‍കിയാലും മതി.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ

Related posts