അമേരിക്കയിൽ ദുരിതം വിതച്ച ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചൂകൊണ്ടിരിക്കുകയാണ്. ആ കൂട്ടത്തിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ട ഡേവി സാൽവിദാർ എന്ന പതിനാറു വയസുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏവരിലും നൊന്പരം നിറയ്ക്കുന്നു. വെള്ളപ്പൊക്കം കാരണം ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരുന്ന ഈ കുട്ടി “ഉറക്കമില്ലായ്മയും ആശങ്കയും, ഈ സമയം പെട്ടെന്ന് കടന്നുപോയിരുന്നുവെങ്കിൽ..’ എന്ന് ഒരു സെൽഫി ഉൾപ്പടെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
എന്നാൽ വാക്കുകൾ അറംപറ്റുന്ന രീതിയിലാണ് പിന്നീടുള്ള കാര്യങ്ങൾ നടന്നത്. കുറച്ചു സമയങ്ങൾക്കു ശേഷം കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ഡേവി, സഹോദരങ്ങളായ 14 വയസുകാരൻ ഡൊമിനിക്ക്, എട്ടുവയസുകാരൻ സേവ്യർ, ആറുവയസുകാരി ഡെയ്സി എന്നിവർ മരണമടയുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അമ്മ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളപ്പൊക്കം രൂക്ഷമായപ്പോൾ അമ്മയുടെ സഹോദരന്റെ വാഹനത്തിൽ കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
വാഹനം ഒരു പാലത്തിലെത്തിയപ്പോൾ അതിശക്തിയിൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിലാണ് ഇവർ അപകടപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ മുന്പ് ഇവരുടെ മുത്തച്ഛനും മുത്തശ്ശിയും മരിച്ചിരുന്നു മാത്രമല്ല. പറന്നുയരുംമുന്പേ ചിറകരിഞ്ഞ് വീണ ഈ കുരുന്നുകളെ ഓർത്ത് സങ്കടപ്പെടാൻ മാത്രമേ ഇവരുടെ മാതാപിതാക്കൾക്കാകുന്നുള്ളു.