ഒരു ഫുട്ബോള്‍ ടീമിന് ഏറ്റവും അത്യന്താപേക്ഷിതമായ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞ മൂന്നു സീസണിലും സാധിക്കാതെ പോയ സംഘമാണ് എഫ്സി ഗോവയുടേത്. ഉയര്‍ച്ച -താഴ്ചകളുടെ എല്ലാ തലങ്ങളിലൂടെയും സഞ്ചരിച്ചു കിരീടമെന്ന സ്വപ്ന സാഫല്യത്തിനായി ഐഎസ്എല്‍ നാലാം പൂരത്തിന്റെ കളിത്തട്ടില്‍ ഇറങ്ങുമ്പോള്‍ അടിമുടി മാറ്റങ്ങളുമായാണു ഗോവന്‍ സംഘം എത്തുന്നത്. ബ്രസീലിയന്‍ ശൈലിയുമായി ഗോവയെ പരിശീലിപ്പിച്ച ഇതിഹാസ താരം സീക്കോ ഇല്ലാതെയാണ് ഗോവ മത്സരിക്കാനിറങ്ങുന്നത്. കാനറികളുടെ കളിപ്പെരുമയ്ക്കു പകരം സ്പാനിഷ് കളിയഴകിനെയാണ്ആദ്യ കിരീടം സ്വന്തമാക്കാനുള്ള യാത്രയില്‍ ഗോവ ചേര്‍ത്തുവയ്ക്കുന്നത്.
കളി കാര്യമാകും
പ്രഥമ ഐഎസ്എലില്‍ അസാമാന്യ കുതിപ്പാണു എഫ്സി ഗോവയുടേത്. ലീഗില്‍ രണ്ടാം സ്ഥാനത്തു കളി അവസാനിപ്പിച്ച സംഘത്തിന് സെമി ഫൈനലില്‍ കോല്‍ക്കത്തയോടു തോല്‍വിയേറ്റു വാങ്ങാനായിരുന്നു വിധി. അടുത്ത സീസണില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്കു കുതിച്ച ടീം ഡല്‍ഹിയെ പരാജയപ്പെടുത്തി കലാശ പോരാട്ടത്തിനെത്തിയെങ്കിലും ചെന്നൈയിന് എഫ്സിക്കു മുമ്പില്‍ അടിപതറി.
ആദ്യ രണ്ടു സീസണിലും മികവുറ്റ പ്രകടനങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞ തവണത്തെ തിരിച്ചടി ഗോവന്‍ ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്നതാണ്. തുടര്‍ തോല്‍വികളിലൂടെ പോയ ടീം ഇടയ്ക്കു വിജയം നേടിയെങ്കിലും അവസാന സ്ഥാനത്താണ് മൂന്നാം ഐഎസ്എല്‍ സീക്കോയുടെ സംഘം അവസാനിപ്പിച്ചത്. ഇക്കുറി അതുകൊണ്ടു കിരീടം നേടുക എന്ന ലക്ഷ്യത്തില്‍ കുറഞ്ഞതൊന്നും ഗോവന്‍ നിരയ്ക്കില്ല.
മിഡ്ഫീല്‍ഡില്‍ കളി വിടരും
സുന്ദരമായ കളി മെനഞ്ഞെടുക്കുന്ന മിഡ്ഫീല്‍ഡിനു കാല്‍പ്പന്തുകളിയില്‍ സുപ്രധാന സ്ഥാനമാണുള്ളത്. സ്പെയിന് താരങ്ങള്‍ ഏറെയുള്ള ടീമില്‍ പാസുകളിലൂടെ കളി വരുതിയിലാക്കാന്‍ പോന്നയൊരു മധ്യനിരയാണ് ഇത്തവണ ഗോവയുടേത്. മൊറക്കോയുടെ പരിചയ സമ്പന്നനായ പ്ലേമേക്കര്‍ അഹമ്മദ് ജാഹൗഹിന്റെ സാന്നിധ്യം ഗോവയ്ക്കു മുതല്‍ക്കൂട്ടാകും. എഡ്വാര്‍ഡോ ബെഡിയ പാലസ്, മാനുവല്‍ ആരാന റോഡിഗ്രസ് മാനുവന്‍ ലാന്‍സറോട്ടെ എന്നിവരടങ്ങുന്ന സ്പാനിഷ് ത്രയം കളി നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളതാണ്. അന്റണി ഡിസൂസ, മന്ദര്‍ റവു ദേശായി തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഇവര്‍ക്കൊപ്പം അണിനിരക്കും.
സീക്കോയുടെ പകരക്കാരന്
ബ്രസീലിന്റെ ഇതിഹാസ താരം സീക്കോ ഒഴിച്ചിട്ട ഗോവയുടെ പരിശീലകക്കുപ്പായത്തില്‍ എത്തുന്നതു സ്പെയിനില്‍ നിന്നുള്ള സെര്‍ജിയോ ലൊബേറയാണ്. ബാഴ്സലോണയുടെ യൂത്ത് ടീമടക്കും വിവിധ സ്പാനിഷ് നിരകളെ പരിശീലിപ്പിച്ച അനുഭവ പരിചയവുമായാണ് ലൊബേറ ഇന്ത്യയിലെത്തുന്നത്. ടീമിനെ ഒത്തൊരുമിപ്പിച്ചു കൊണ്ടു പോകാനും യുവ താരങ്ങള്‍ക്കു പ്രചോദനം നല്കിയ വളര്‍ത്തിയെടുക്കുന്നതിലും ലൊബേറയുടെ പ്രതിഭ സ്പെയിനില്‍ തെളിഞ്ഞതാണ്.
ഒരുക്കം
സ്പാനിഷ് പരിശീലകനും താരങ്ങളും എത്തിയതോടെ സ്പെയിനിലായിരുന്നു സീസണ് ആരംഭിക്കുന്നതിനു മുന്‍പുള്ള ഗോവയുടെ പരിശീലന മത്സരങ്ങളും ഒരുക്കങ്ങളും. സ്പെയിനിലെ പ്രശസ്തമായ ക്ലബ്ബുകള്ക്കെതിരേയായിരുന്നു പോരാട്ടങ്ങള്‍. ആദ്യ രണ്ടു കളികളും പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മൂന്നു കളികളിലും മിന്നുന്ന ജയമാണു ടീം സ്വന്തമാക്കിയത്. ടീമിന്റെ മിഡ്ഫീല്‍ഡിന്റെ കഴിവുകള്‍ വെളിവാക്കുന്ന തരത്തിലായിരുന്നു ടീമിന്റെ സ്പെയിനിനുള്ള മത്സരങ്ങള്‍.
ശ്രദ്ധ ഈ ഇന്ത്യന്‍ താരത്തില്‍
ഐഎസ്എല്‍ ആദ്യ സീസണ് മുതല്‍ ഗോവന്‍ കുപ്പായത്തില്‍ മിന്നിത്തിളങ്ങുന്ന മന്ദര്‍ റാവു ദേശായിയാണ് ഇത്തവണ ടീമിന്റെ കുന്തമുന. വേഗവും ചടുലതയും ഒത്തൊരുമിപ്പിച്ചു വിംഗുകളിലൂടെയുള്ള മന്ദറിന്റെ മുന്നേറ്റങ്ങള്‍ ഗോവന്‍ പ്രതീക്ഷകള്‍ക്കു വെളിച്ചം നല്കുന്നു. കൂടാതെ ആദ്യ സീസണില്‍ ഗോവയ്ക്കു വേണ്ടി പന്തു തട്ടിയ ബ്രൂണോ പിനേറിയോ ഇത്തവണ പ്രതിരോധ നിരയില്‍ തിരിച്ചെത്തുന്നതും ടീമിന്റെ കരുത്തു വര്‍ധിപ്പിക്കുന്നു.
ബിബിൻ ബാബു