സ്വന്തംലേഖകൻ
തൃശൂർ: ലോക കപ്പ് ഫുട്ബോളിനെയും മറികടക്കുന്ന ആവേശമാണ് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ. ജനകീയ പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബായ എഫ്സി കേരളയുടെ സീനിയർ ടീമിലേക്കുള്ള ഓപ്പണ്‍ സെലക്ഷന് സ്വദേശത്തെയും വിദേശത്തെയും ആയിരത്തിലധികം കളക്കാരാണ് എത്തിയത്.
ഫുട്ബോൾ കളിക്കാരുടെ “പൂര’തിരക്കുമൂലം സ്വദേശ കളിക്കാരുടെ സെലക്്ഷൻ ഇന്നും തുടരുകയാണ്. ഇന്നലെയാണ് സീനിയർ ടീമിലേക്ക് കേരളത്തിലെ കളിക്കാരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ കളിക്കാർ എത്തിയതോടെ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ സെലക്്ഷൻ പൂർത്തിയാക്കാനായില്ല.
എല്ലാവരും കഴിവിന്റെ പരമാവധി കളി പുറത്തെടുത്ത് മൈതാനത്തിറങ്ങിയതോടെ കളിക്കാരെ തെരഞ്ഞെടുപ്പും ബുദ്ധിമുട്ടിലാക്കി. ഫുട്ബോൾ കളിക്കാരെ ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കും അവസരങ്ങൾ നൽകാൻ സെലക്ഷൻ ഇന്നത്തേക്കും നീട്ടിയിരിക്കയാണ്. രാവിലെ മുതൽ ഇവരുടെ സെലക്ഷൻ നടക്കുകയാണ്.
ഉച്ചയ്ക്ക് രണ്ടിനു ശേഷം വിദേശ കളിക്കാരുടെയും അന്യസംസ്ഥാന കളിക്കാരുടെയും സെലക്ഷൻ നടത്തും. കളിമികവ് മാത്രം നോക്കിയാണ് സെലക്ഷൻ നടത്തുന്നതെന്ന് എഫ്സി കേരള മാനേജർ നവാസ് പറഞ്ഞു. അന്യസംസ്ഥാനങ്ങളിലെയും വിദേശത്തെയും ഇരുന്നൂറോളം കളിക്കാരും സെലക്ഷനെത്തിയിട്ടുണ്ട്.