സെവിയ്യ: സെവിയ്യ എഫ്സി കോപ്പ ഡെല്‍ റേ സെമി ഫൈനലില്‍. കളിക്കു ചൂടുപിടിക്കും മുമ്പേ വീണ ഗോള്‍ അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്തു. സെവിയ്യ സെര്‍ജിയോ എസ്ക്വഡെറോയിലൂടെ ആദ്യ ഗോള്‍ നേടുമ്പോള്‍ 26 സെക്കന്‍ഡ് ആയതേ ഉള്ളൂ. രണ്ടു പാദങ്ങളിലുമായി സെവിയ്യ 5-2ന്റെ അഗ്രഗേറ്റില്‍ വിജയം സ്വന്തമാക്കി.
സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ തോറ്റ അത്ലറ്റിക്കോയ്ക്ക് സെമിയിലെത്തണമെങ്കില്‍ രണ്ടു ഗോളെങ്കിലും നേടണമായിരുന്നു. ആദ്യ പാദത്തില്‍ 2-1നാണ് അത്ലറ്റിക്കോ തോറ്റത്. എന്നാല്‍ തുടക്കത്തിലേ അത്ലറ്റിക്കോ ഞെട്ടി.
സെവിയ്യയുടെ ആദ്യ മുന്നേറ്റം തന്നെ ഗോളില്‍ കലാശിച്ചു. സാറാബിയയുടെ മികച്ചൊരു ക്രോസ് പെനാല്‍റ്റി ബോക്സില്നിന്ന എസ്ക്വഡെറോയെ തേടിയെത്തി. കിട്ടിയ അവസരം പാഴാക്കാതെ അത്ലറ്റിക്കോ പ്രതിരോധം നിലയുറിപ്പിച്ചില്ലെന്നു മനസിലാക്കിയ എസ്ക്വഡെറോ പന്ത് വലയിലാക്കി. അപ്പോള്‍ 26 സെക്കന്‍ഡ് ആയതേയുള്ളൂ.
തിരിച്ചടിക്കാന്‍ അത്ലറ്റിക്കോയ്ക്ക് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. 13-ാം മിനിറ്റില്‍ അന്റോണി ഗ്രീസ്മാന്റെ ലോംഗ് റേഞ്ച് ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോയുടെ തലയ്ക്കു മുകളിലൂടെ വലയില്‍ തറച്ചിറങ്ങി.
അത്ലറ്റിക്കോയുടെ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം തകര്‍ത്ത് രണ്ടാം പകുതിയുടെ തുടക്കത്തില്‍ നേടിയ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച എവര്‍ ബെനേഗ (48) സെവിയ്യയുടെ അഗ്രഗേറ്റ് ലീഡ് ഉയര്‍ത്തി. 79-ാം മിനിറ്റില്‍ സാറാബിയയുടെ ഗോള്‍ സെവിയ്യയെ അവസാന നാലിലെത്തിച്ചു.
ഈ ഗോളിനുശേഷം ഓഫീഷ്യല്സിനോടു തര്‍ക്കിച്ച അത്ലറ്റിക്കോയുടെ പരിശീലകന് ഡിയേഗോ സിമിയോണിയെ പുറത്താക്കി. ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്തായ അത്ലറ്റിക്കോയുടെ ഇനിയുള്ള കിരീടപ്രതീക്ഷകള്‍ ലാ ലിഗയും യൂറോപ്പ ലീഗുമായി. ലാ ലിഗയില്‍ അത്ലറ്റിക്കോ, ബാഴ്സലോണയുമായി 11 പോയിന്റ് പിന്നിലാണ്. മൂന്നു വര്‍ഷത്തിനിടെ സെവിയ്യ രണ്ടാം തവണയാണ് കോപ്പ ഡെല്‍ റേയുടെ സെമിയിലെത്തുന്നത്.