ആലുവ: പെരിയാറിലൂടെ വെള്ളം ഒഴുകുന്നതിന്റെ സെൽഫി പകർത്താനുള്ള ആൾതിരക്കിൽ ഗതാഗതം താറുമാറയതോടെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ പോലീസ് തുണിമറ സൃഷ്ടിച്ചു.
ജലനിരപ്പ് ഉയരുന്നത് കാണാൻ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ വാഹനങ്ങൾ നിറുത്തിയതാണ് ഗാതഗത കുരുക്കിന് ഇടയാക്കിയത്. ഇതേത്തുടർന്ന് പോലീസ് പാലത്തിന്റെ തൂണുകളിൽ തുണി ഉപയോഗിച്ച് പെരിയാറിലെ കാഴ്ച മറയ്ക്കുകയായിരുന്നു.
പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ പാലത്തിൽ വാഹനത്തിന്റെ വേഗത കുറച്ചും മൊബൈലിൽ ചിത്രം പകർത്തിയുമാണ് യാത്രക്കാർ പ്രശ്നം സൃഷ്ടിച്ചത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനം വെള്ളപ്പൊക്കം കാണാൻ പാലത്തിലേക്ക് വന്നു. അപകട സാധ്യത മുന്നിൽ കണ്ട് രാവിലെ തന്നെ ആലുവ കൊട്ടാരക്കടവിൽ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലം പൊലീസ് വടം ഉപയോഗിച്ച് അടച്ചു കെട്ടിയിരുന്നു.