തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ് ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ അജിത് കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ ചില മദ്യകന്പനികളുടെ ബ്രാൻഡിന് അമിത പ്രാധാന്യം നൽകിയിരുന്നുവെന്ന് സൂചന.
ഫേസ് ബുക്ക് പേജ് പരിശോധിച്ചതിൽ നിന്നും ബാർ ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ എക്സൈസ് ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അജിത്തും ബാറുകാരും തമ്മിലുള്ള ഒത്തുകളി നടന്നതായി സംശയിക്കപ്പെടുന്നു.
പ്രധാനപ്പെട്ട ബാർ ഹോട്ടലുകളിൽ ഉൾപ്പെടെ നടത്തിയ പല പാർട്ടികളുടെയും പണം മുടക്കിയത് മദ്യകന്പനികളാണെന്ന് സംശയിക്കുന്നതായി എക്സൈസ് പറഞ്ഞു. എന്നാൽ ഇതിനുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. എക്സൈസിന് പുറമെ നാർകോട്ടിക് സെല്ലും പോലീസും അജിത് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.
മറവിൽ മദ്യവ്യാപാരം പ്രോത്സാഹിപ്പിച്ച സംഭവത്തിൽ അഡ്മിനെതിരെ ജാമ്യമില്ല വകുപ്പ് ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്താൻ എക്സൈസ് തീരുമാനം. അഡ്മിൻ നേമം സ്വദേശി അജിത് കുമാർ, ഇയാളുടെ ഭാര്യ വിനിത എന്നിവർക്കെതിരെയാണ് എക്സൈസ് കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിന് മുന്നോടിയായി അജിത് കുമാർ ഡിജെ പാർട്ടി നടത്തുകയും കൂപ്പണ്‍ നൽകി മദ്യസൽക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാറിലെ ഹോട്ടൽ മാനേജരിൽ നിന്നും എക്സൈസ് മൊഴി രേഖപ്പെടുത്തി.
പ്രായപൂർത്തിയാകാത്ത കുട്ടികളിൽ മദ്യപാന ശീലം പ്രോത്സാഹിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ഉൾപ്പെടെ ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലാണ് കേസെടുത്തിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അജിത് കുമാറിനോടൊപ്പം സഹകരിച്ച മറ്റ് അഡ്മിൻമാർക്കെതിരെയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച ശേഷം കൂടുതൽ പേരെ പ്രതിയാക്കുമെന്ന് പോലീസ് പറഞ്ഞു.
ഫേസ് ബുക്ക് കൂട്ടായ്മയിൽ 18 ലക്ഷത്തിൽപ്പരം ആളുകൾ തന്നോടൊപ്പം ഉണ്ടെന്ന് അവകാശം ഉന്നയിച്ച് അജിത്കുമാർ ബാർ ഹോട്ടൽ ഉടമകളുമായി വിലപേശലിലൂടെയാണ് ധാരണയിലെത്തിയിരുന്നതെന്ന് എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മദ്യപാനത്തിലേക്ക് ആളുകളെ പ്രോത്സാഹിപ്പിച്ച് കൂപ്പണ്‍ വിറ്റ് വൻ തുകകൾ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ ഇയാൾ സന്പാദിച്ചിട്ടുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം. ഇയാളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പോലീസും എക്സൈസും ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതേ സമയം ഒളിവിൽ കഴിയുന്ന അജിത്കുമാറും ഭാര്യയും മുൻകൂർ ജാമ്യത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്.