മെക്സികോ സിറ്റി: 43 വിദ്യാര്‍ഥികളുടെ തിരോധാനത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. തെക്കന്‍ മെക്സിക്കോയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ഫ്രെഡിഡ് റോമന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ചില്‍പാന്‍സിംഗോ നഗരത്തിലാണ് അദ്ദേഹത്തെ സ്വന്തം കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മെക്സിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
2014ല്‍ ഗരേരോ നഗരത്തില്‍വച്ച് നടന്ന പ്രതിഷേധത്തിനിടെ ബസ് തടഞ്ഞ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് കാണാതാവുകയായിരുന്നു.
കഴിഞ്ഞ ആഴ്ച സംഭവത്തെ രാജ്യത്തെ ട്രൂത്ത് കമ്മീഷന് സ്റ്റേറ്റ് ക്രൈമായി പ്രഖ്യാപിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.
ട്രൂത്ത് കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ മുന്‍ അറ്റോണി ജനറല്‍ ജീസസ് മുറില്ലോ കരം അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു.
സൈന്യത്തിലെയും പോലീസിലെയും നിരവധി ഉന്നതര്‍ക്കെതിരെ കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സ്റ്റേറ്റ് ക്രൈം വിത്തൗട്ട് ചാര്‍ജിംഗ് ദ ബോസ് എന്ന തലക്കെട്ടില്‍ ഫ്രെഡിഡ് റോമന്‍ പോസ്റ്റിട്ടത്. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹം കൊല്ലപ്പെട്ടത്.