“ഇത് റാഹഫ് അൽഖുനൂൻ, ധീരയായ പുതിയ കനേഡിയൻ”-ടോറന്റോ വിമാനത്താവളത്തിൽ വന്നിറങ്ങിയ സൗദി പെൺകുട്ടിയെ ആശ്ലേഷിച്ച് കൊണ്ടു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു. അഭയം തേടിയെത്തിയ റാഹഫിനെ സ്നേഹത്തിന്റെ പൂച്ചെണ്ടുമായാണ് കാനഡമന്ത്രി സ്വീകരിച്ചത്. ബാങ്കോക്കിൽ നിന്നുള്ള ദീർഘദൂരയാത്രയുടെ ക്ഷീണത്തിൽ മാധ്യമങ്ങളോട് സംസാരിക്കാൻ റാഹഫ് തയാറായില്ല.
സൗദിയിൽ നിന്ന് വീട്ടിലെ ഉപദ്രവം സഹിക്കാതെയാണ് പതിനെട്ടുകാരി റഹാഫ് ബാങ്കോക്കിലേക്ക് ഒളിച്ചോടിയത്. ശനിയാഴ്ച ബാങ്കോക്ക് വിമാനത്താവളത്തിലിറങ്ങിയ റഹാഫിനെ തായ് പോലീസ് തടഞ്ഞ് പാസ്പോർട്ട് പിടിച്ചെടുത്തശേഷം ഹോട്ടൽമുറിയിലാക്കി. യുവതി ഇവിടെയിരുന്ന് തന്റെ അവസ്ഥ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്.
ഇതോടെ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലാണ് സംഭവം കൈകാര്യം ചെയ്യുകയായിരുന്നു. യുവതിക്ക് യുഎൻ അഭയാർഥി പദവി നല്കി. ഇതോടെ കാനഡയും ഓസ്ട്രേലിയയും അഭയം വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാൽ കാനഡയിൽ അഭയം തേടാനുള്ള റാഹഫിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ഫ്രീലാൻഡ് പറഞ്ഞു.
റഹാഫിന് വളരെയധികം വധഭീഷണിയുള്ളതായി ഇവരോട് അടുപ്പമുള്ള ഓസ്ട്രേലിയൻ മാധ്യമപ്രവർത്തക സോഫി മക്നീൽ വെളിപ്പെടുത്തിയിരുന്നു. ഇതുമൂലം റഹാഫ് ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവി പ്പിച്ചിരിക്കുകയാണ്.