കൊച്ചി: ചൂടിനെ ചെറുക്കാന്‍ വാഹനങ്ങളുടെ ഗ്ലാസില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച് ഫിലിം (ഗ്ലേസിംഗ് മെറ്റീരിയില്‍) ഒട്ടിക്കാന്‍ അനുമതി.
കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം 2020 ലെ ഏഴാം ഭേദഗതി പ്രകാരമാണു സണ്‍ കണ്ട്രോള് ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍ അഥവാ സേഫ്റ്റി ഗ്ലേസിംഗ് മെറ്റീരിയലിന്റെ ഉപയോഗത്തിന് നിയമപരമായി അനുമതിയായത്.
ഭേദഗതിയിലെ ചട്ടം 100 പ്രകാരം വാഹനത്തിന്റെ മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ള സണ്‍ കണ്ട്രോള് ഫിലിം ഉപയോഗിക്കാം.
വശങ്ങളിലെ ഗ്ലാസുകളില്‍ അമ്പത് ശതമാനവും. ഗ്ലാസിനുള്ളില്‍ പ്ലാസ്റ്റിക് ലേയറുള്ള ടഫന്‍ഡ് ഗ്ലാസോ ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണ്.
2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍വന്ന നിയമഭേദഗതിയെക്കുറിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയുന്നത് ഒരാഴ്ച മുമ്പു മാത്രമാണ്.
വാഹന ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ ഭേദഗതിയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷനും ജോര്‍ജ് ആന്‍ഡ് സണ്‍സും ഗതാഗത മന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും നിവേദനം നല്‍കിയതായി മുഹമ്മദ് ഷാഫി, രാജു ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാറിന്റെ വിന്‍ഡോകളില്‍ ഒട്ടിച്ചിരിക്കുന്ന ഫിലിമില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യുആര്‍ കോഡ് ഏത് സ്മാര്‍ട്ട് ഫോണിലൂടെയും സ്കാന്‍ ചെയ്ത് അത് നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാനാകുമെന്നും അവര്‍ പറഞ്ഞു.
വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഫിലിം ഒട്ടിക്കുന്നത് പത്തു വര്‍ഷം മുമ്പ് സുപ്രീ കോടതി നിരോധിച്ചിരുന്നു.
ഗ്ലാസുകളില്‍ കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അവിഷേക് ഗോയങ്ക നല്കിയ ഹര്‍ജിയെതുടര്‍ന്നായിരുന്നു കോടതി ഉത്തരവ്.